കൊല്ലം: കുണ്ടറ ഇരട്ടക്കൊലക്കേസ് പ്രതി ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ നിന്നും പിടിയിലായി. അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തി മുങ്ങിയ പ്രതി പടപ്പക്കര സ്വദേശി അഖിലാണ് പൊലീസ് പിടിയിലായത്. നാലര മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്. മാദ്ധ്യമ വാർത്ത കണ്ട ശ്രീനഗറിലെ മലയാളി അഖിലിനെ തിരിച്ചറിയുകയായിരുന്നു.
അമ്മ പുഷ്പലതയേയും മുത്തച്ഛൻ ആൻറണിയെയുമാണ് പ്രതി വെട്ടി കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം മുങ്ങിയ ഇയാൾ ശ്രീനഗറിലെ ഒരു വീട്ടിൽ ജോലിക്കാരനായി ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. പ്രതി മൊബൈൽ ഫോണോ സമൂഹമാദ്ധ്യമങ്ങളോ ഉപയോഗിക്കാതിരുന്നത് അന്വേഷണത്തിന് വെല്ലുവിളി ഉയർത്തി. ഉണ്ടായിരുന്ന ഫോണും സിംകാർഡും ഇയാൾ നശിപ്പിച്ച് കളഞ്ഞിരുന്നു.
പൊലീസ് പ്രതിക്കായി കേരളത്തിലും അന്യസംസ്ഥാനങ്ങളിലും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ശ്രീനഗറിൽ നിന്നും പ്രതിയുടെ വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്. പിന്നാലെ കുണ്ടറ സിഐ അനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ശ്രീനഗറിലെത്തി അഖിലിനെ പിടികൂടുകയായിരുന്നു.















