ഇസ്ലാമബാദ്: ചൈനയുടെ സഹായത്തോടെ ആണവനിലയം സ്ഥാപിക്കാൻ പാകിസ്താൻ ഒരുങ്ങുന്നു. പാക് ന്യൂക്ലിയർ ആറ്റോമിക് എനർജി റെഗുലേറ്ററി ഏജൻസി ചാഷ്മ ആണവനിലയ യൂണിറ്റിന് അനുമതി നൽകിയെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാകിസ്താനും ചൈനയും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിലെ മറ്റൊരു നാഴികക്കല്ലാണിതെന്നും ഇരുരാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം നീണാൾ വാഴട്ടെ എന്നും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ട്വിറ്ററിൽ കുറിച്ചു.
ചൈനീസ് സ്ഥാപനമായ ഹുവാലോങ് രൂപകല്പന ചെയ്ത നൂതന മൂന്നാം തലമുറ പ്രഷറൈസ്ഡ് വാട്ടർ റിയാക്ടറാണ് സ്ഥാപിക്കുന്നത്. നിലവിൽ പാകിസ്താനിലെ രണ്ട് ആണവ നിലയങ്ങളിൽ ചൈനീസ് മോഡൽ നടപ്പിലാക്കിയിട്ടുണ്ട്. 1200 മെഗാവാട്ട് ശേഷിയുള്ള ഇവയ്ക്ക് 60 വർഷമാണ് ആയുസ്സ്. 3.5 ബില്യൺ ഡോളറാണ് ചെലവ്.
ദാരിദ്ര്യവും പണപ്പെരുപ്പവും കൊണ്ട് പൊറുതിമുട്ടിയ പാകിസ്താൻ മുന്നോട്ട് പോകുന്നത് ചൈനയുടെ സഹായത്താലാണ്. 11,774 കോടി രൂപ വരുന്ന 1.4 ബില്യൺ ഡോളർ വായ്പയും ചൈനയോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ നൽകുന്ന 4.3 ബില്യണിന്റെ സഹായത്തിന് പുറമേയാണിത്. കറാച്ചിയിൽ ഒരു മെഡിക്കൽ സിറ്റി സ്ഥാപിക്കുന്നതിനായി ഒരു ബില്ല്യൺ ഡോളർ നൽകാൻ ചൈനയുടെ താത്പര്യം പ്രകടിപ്പിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.















