കോട്ടയം: എൽഡിഎഫ് മുൻ കൺവീനറും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഡിസി ബുക്സിനെതിരെ കേസെടുത്തു. ഡിസി ബുക്സ് മുൻ പബ്ലിക്കേഷൻ മേധാവി എ.വി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. വിശ്വാസ വഞ്ചന, സ്വകാര്യതാ ലംഘനം തുങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ആത്മകഥ ചോർത്തിയത് ശ്രീകുമാറാണെന്നായിരുന്നു കോട്ടയം എസ്പിയുടെ കണ്ടെത്തൽ. തുടർന്ന് കേസെടുക്കാൻ എഡിജിപി നിർദേശിച്ചിരുന്നു. ഇപി എഴുതാത്ത കാര്യങ്ങൾ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്.
നേരത്തെ കേസെടുത്ത് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും അവ്യക്തതകളും ആശയക്കുഴപ്പങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് വീണ്ടും അന്വേഷണം. ഇപി ജയരാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. കോട്ടയം ഈസ്റ്റ് പൊലീസാണ് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിക്കാരന് വ്യക്തിഹത്യയും മാനഹാനിയും ഉണ്ടാക്കുന്ന വിധത്തിൽ ഡിസി ബുക്സ് മുൻ പബ്ലിക്കേഷൻ മേധാവിയുടെ ഭാഗത്ത് നിന്ന് ഇടപെടലുകൾ ഉണ്ടായി, ശ്രീകുമാർ വിശ്വാസവഞ്ചന കാണിച്ചു, ജയരാജനെ ചതിച്ചു എന്നിങ്ങനെ എഫ്ഐആറിൽ പറയുന്നു.
“കട്ടൻചായയും പരിപ്പുവടയും – ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം” എന്ന പേരിലുള്ള ആത്മകഥാ ഭാഗങ്ങളാണ് വിവാദമായത്. എന്നാൽ അങ്ങനെയൊരു ആത്മകഥ ഡിസിക്ക് നൽകിയിട്ടില്ലെന്നാണ് ഇപിയുടെ മൊഴി. എങ്കിൽ ഡിസിയുടെ പബ്ലിക്കേഷൻ മേധാവി എവി ശ്രീകുമാറിന്റെ കൈകളിലേക്ക് ആത്മകഥ എത്തിയതെങ്ങനെ, ഇപി എഴുതിയത് കൂടാതെ മറ്റെന്തെല്ലാം അതിൽ കൂട്ടിച്ചേർത്തിട്ടുണ്ട്, ആരാണ് അത് ചെയ്തത്, അതോ ചോർന്ന ആത്മകഥാ ഭാഗങ്ങളെല്ലാം ഇപി എഴുതിയത് തന്നെയാണോ, എന്നീ കാര്യങ്ങളാണ് കൂടുതൽ വ്യക്തതയോടെ ചുരുളഴിയാനുള്ളത്. എവി ശ്രീകുമാറിനെതിരായ അന്വേഷണത്തിലൂടെ ഇക്കാര്യങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.