ടെൽ അവീവ്: ഒക്ടോബർ ഏഴിലെ ആക്രമണത്തിന് നേതൃത്വം നൽകിയ ഹമാസ് കമാൻഡർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രായേൽ പ്രതിരോധ സേന (IDF). ഹമാസിന്റെ പ്ലാറ്റൂൺ കമാൻഡർ അബ്ദുൽ ഹാദി സാബയെയാണ് അടുത്തിടെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ വധിച്ചതായി ഐഡിഎഫ് സ്ഥിരീകരിച്ചത്. 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടന്ന ആക്രമണങ്ങളിൽ കിബ്ബത്ത്സ് നിർ ഓസ് ആക്രമണത്തിൽ നേതൃത്വം നൽകിയ ആളാണ് അബ്ദുൽ ഹാദി സബയെന്ന് ഇസ്രായേൽ ആരോപിച്ചു.
ഹമാസിന്റെ വെസ്റ്റേൺ ഖാൻ യൂനിസ് ബറ്റാലിയനിലെ നുഖ്ബ പ്ലാറ്റൂൺ കമാൻഡറാണ് ഇയാൾ. തെക്കൻ ഗാസയിലെ ഖാൻ യൂനിസ് പ്രദേശത്ത് നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് അബ്ദുൽ ഹാദിയെ വധിച്ചതെന്ന് ഐഡിഎഫ് പറഞ്ഞു. ഒക്ടോബർ 7 നടന്ന ആക്രമ സംഭവങ്ങൾ കൂടാതെ ഇയാൾ ഇസ്രായേലി സേനയ്‌ക്കെതിരെ നിരവധി ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഒക്ടോബർ 7 ആക്രമണത്തിന് നേതൃത്വം നൽകിയവരുൾപ്പെടെ 14 ഹമാസ് ഭീകരരെ ഉന്മൂലനം ചെയ്തതായി ഐഡിഎഫ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ഒക്ടോബർ 7 ആക്രമണത്തിലെ മുഴുവൻ ഹമാസ് നേതാക്കളെയുംകണ്ടെത്തി വധിക്കാൻ ഐഡിഎഫും ഇസ്രയേലിന്റെ ജനറൽ സെക്യൂരിറ്റി സർവീസായ ഷിൻ ബെറ്റും സംയുക്തമായാണ് പ്രവർത്തിക്കുന്നതെന്ന് ഇസ്രായേൽ സർക്കാർ വ്യക്തമാക്കി. ഗാസയിലെ ഹമാസ് യൂണിറ്റുകളെ ലക്ഷ്യമിട്ട് ഇസ്രായേൽ പ്രതിരോധ സേന ശക്തമായ പ്രത്യാക്രമണങ്ങളാണ് തുടരുന്നത്. അതേസമയം യെമനിലെ ഹൂതി വിമതരും ലെബനനിലെ ഹിസ്ബുള്ളയും ഇസ്രയേലിനെതിരെ ആക്രമണങ്ങൾ തുടരുകയാണ്.