തൃശൂർ: തൃശൂർ നഗരമധ്യത്തിൽ യുവാവിനെ കുത്തിക്കൊന്നു. പുതുവർഷ രാത്രിയിലാണ് സംഭവം. തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തൃശൂർ നഗരത്തിലെ പാലസ് റോഡിന് സമീപത്ത് വച്ചാണ് ലിവിന് കുത്തേറ്റത്. ലിവിൻ മദ്യലഹരിയിൽ ആക്രമിച്ചുവെന്നാണ് 14 കാരന്റെ മൊഴി. 16 കാരനായ മറ്റൊരു കുട്ടിയേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടികളും ലിവിനുമായി വാക്കുതർക്കമുണ്ടായതായും ഇതിനെത്തുടർന്ന് കുട്ടികളിൽ ഒരാൾ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ലിവിനെ കുത്തുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.
കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. കുട്ടികളും മരിച്ച യുവാവും തമ്മിൽ മുൻവൈരാഗ്യമോ പ്രശ്‍നങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തിയശേഷം ലിവിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.