തിരുവനന്തപുരം: ശിവഗിരിയിൽ പ്രസംഗിക്കുന്നതിനിടെ സനാതന ധർമത്തെ അധിക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവന പിൻവലിച്ച് ഹിന്ദു സമൂഹത്തോട് മാപ്പുപറയണമെന്ന് വിശ്വഹിന്ദു പരിഷത്ത്. എല്ലാ കാലത്തും, സനാതന ധർമത്തെ നിഷേധിച്ചും, അവഹേളിച്ചും മുന്നോട്ടുപോയവരാണ് കമ്യൂണിസ്റ്റുകാരെന്നും ശബരിമലയെ തകർക്കാൻ ശ്രമിച്ച വ്യക്തിയാണ് പിണറായി വിജയനെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ രാജശേഖരൻ കുറ്റപ്പെടുത്തി.
ശ്രീനാരായണഗുരു സനാതന ധർമ്മത്തിന്റെ വക്താവോ, പ്രയോക്താവോ അല്ലെന്നും സനാതന ധർമ്മമെന്നത് വർണാശ്രമധർമ്മമല്ലാതെ മറ്റൊന്നുമല്ലെന്നുമായിരുന്നു ശിവഗിരി തീർത്ഥാടന മഹാസമ്മേളന വേദിയിൽ മുഖ്യമന്ത്രിയുടെ പരാമർശം. സനാതന ധർമ്മത്തിന്റെ യുക്തിഭദ്രത ബോധ്യപ്പെട്ട് പ്രവർത്തിക്കേണ്ട വ്യക്തിയിൽ നിന്നാണ് ഹിന്ദു സമാജത്തെ വേദനിപ്പിക്കുന്ന പ്രസ്താവനയുണ്ടായതെന്ന് വിശ്വഹിന്ദു പരിഷത്ത് കുറ്റപ്പെടുത്തി. സനാതന ധർമ്മത്തോട് ഗാഢമായ ബന്ധമായിരുന്നു ശ്രീനാരായണ ഗുരുദേവന്. ഹിന്ദുത്വത്തെയും, സനാതന ധർമ്മത്തെയും അവഹേളിക്കുന്നതാണ് കമ്യൂണിസ്റ്റ് രീതി. അൽപമെങ്കിലും മാന്യതയുണ്ടെങ്കിൽ പിണറായി വിജയൻ ഹിന്ദു സമൂഹത്തോട് മാപ്പു പറയണമെന്ന് വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.
സനാതന ധർമ്മത്തെ അധിക്ഷേപിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഗുരുദേവനെ സനാതനധർമ്മ വിരോധിയാക്കുന്നത് ഗുരുനിന്ദയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പികെ കൃഷ്ണദാസ് പ്രതികരിച്ചിരുന്നു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു.