ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂ ഓർലീൻസിലുണ്ടായ ആക്രമണത്തെ അപലപിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂഇയർ ദിവസം പുലർച്ചെ ജനക്കൂട്ടത്തിലേക്ക് കാറിടിച്ചുകയറ്റി ഡ്രൈവർ വെടിയുതിർത്ത സംഭവത്തിൽ പത്ത് പേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. തികഞ്ഞ തിന്മയാണ് നടന്നതെന്ന് അഭിപ്രായപ്പെട്ട ട്രംപ്, അമേരിക്കയിൽ കുറ്റകൃത്യങ്ങൾ എക്കാലത്തെയും ഉയർന്ന നിരക്കിലാണെന്നും ചൂണ്ടിക്കാട്ടി.
ഇവിടെയുള്ള കുറ്റവാളികളേക്കാൾ മോശമാണ് ഇവിടേക്ക് വന്നുപെടുന്ന കുറ്റവാളികളെന്നും ട്രംപ് പറഞ്ഞു. ആക്രമണം നടത്തിയ ഡ്രൈവർ അനധികൃത കുടിയേറ്റക്കാരനാണെന്ന സൂചനയാണ് ട്രംപ് നൽകിയത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അനുശോചനങ്ങൾ അറിയിച്ച നിയുക്ത പ്രസിഡന്റ്, തന്റെ ഭരണകൂടം ഇതിനെല്ലാം മറുപടി നൽകുമെന്ന് ഉറപ്പുനൽകി. ഇത്തരം തികഞ്ഞ തിന്മകളിൽ നിന്ന് അമേരിക്കൻ നഗരങ്ങളെ മോചിപ്പിക്കാൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ ദക്ഷിണ നഗരമായ ന്യൂ ഓർലീൻസിൽ ബോർബോൺ സ്ട്രീറ്റിലുണ്ടായ ആക്രമണം ലോകത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. പുതുവർഷം പിറന്ന് ഏതാനും മണിക്കൂറുകൾ പിന്നിട്ടപ്പോഴായിരുന്നു ആക്രമണം. പുലർച്ചെ 3.45ഓടെ ജനക്കൂട്ടത്തെ ഇടിച്ചുതെറിപ്പിച്ച് ഒരു ട്രക്ക് ഇരച്ചെത്തുകയായിരുന്നു. നിരവധി പേരുടെ ശരീരത്തിലൂടെ കയറിയിറങ്ങിയ വാഹനം അമിതവേഗത്തിലായിരുന്നു വന്നത്. ശേഷം പുറത്തിറങ്ങിയ ഡ്രൈവർ തന്റെ കൈയ്യിലുള്ള തോക്കെടുത്ത് കണ്ടവരെയെല്ലാം വെടിവച്ച് വീഴ്‌ത്തി. ആക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും മുപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭീകരാക്രമണമാണോ നടന്നതെന്ന സംശയവും നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ എഫ്ബിഐ അന്വേഷണം ആരംഭിച്ചു.