ന്യൂഡൽഹി: അന്താരാഷ്‌ട്ര സർവീസുകളിൽ മാത്രമല്ല, ഇനി ആഭ്യന്തര സർവീസുകളിലും മൊബൈൽ ഇന്റർനെറ്റ് ഉപയോഗിക്കാം. പുതുവർഷ സമ്മാനമായി ഈ പ്രഖ്യാപനം നടത്തിയത് എയർ ഇന്ത്യയാണ്. ഇതോടെ ഇന്ത്യയിൽ ആഭ്യന്തര സർവീസുകളിൽ ഇൻ-ഫ്ലൈറ്റ് വൈ-ഫൈ കണക്ടിവിറ്റി നൽകുന്ന ആദ്യത്തെ എയർലൈനായിരിക്കുകയാണ് എയർ ഇന്ത്യ. 2025 ജനുവരി ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നതായും കമ്പനി അറിയിച്ചു. എയർ ഇന്ത്യയുടെ എയർബസ് A350, ബോയിംഗ് 787-9, എയർബസ് A321 നിയോ മോഡലുകൾ എന്നിവയിലാണ് യാത്രക്കാർക്ക് ഇന്റർനെറ്റ് ആക്സസ് ലഭിക്കുക.
ആധുനിക യാത്രാശീലങ്ങളിൽ കണക്ടിവിറ്റി എന്നത് ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണെന്ന് എയർ ഇന്ത്യയുടെ ചീഫ് കസ്റ്റമർ എക്സ്പീരിയൻസ് ഓഫീസർ രാജേഷ് ദോഗ്ര പ്രതികരിച്ചു. കാര്യങ്ങൾ തത്സമയം പങ്കുവെക്കുന്നതിന് സഹായിക്കുന്നതിനൊപ്പം ഉത്പാദനക്ഷമതയും കാര്യക്ഷമതയും ഉറപ്പുവരുത്താനും ഇൻ-ഫ്ലൈറ്റ് വൈ-ഫൈ സൗകര്യം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ ലാപ്ടോപ്, മൊബൈൽ, സ്മാർട്ട്ഫോൺ, ടാബ്ലെറ്റ് എന്നിവയിൽ ഇന്റർനെറ്റ് ആക്സസ് നൽകുന്നതാണ് പുതിയ സംവിധാനം. ഒരു യാത്രക്കാരന് ഒരേസമയം ഒന്നിലേറെ ഡിവൈസുകളിൽ ഇന്റർനെറ്റ് കണക്ട് ചെയ്യുന്നതും അനുവദനീയമാണ്. യാത്രയിലുടനീളം തടസരഹിതമായ ഇന്റർനെറ്റ് ലഭ്യമാക്കുമെന്നും എയർ ഇന്ത്യ ഉറപ്പുനൽകി.
ന്യൂയോർക്ക്, ലണ്ടൻ, പാരിസ്, സിംഗപ്പൂർ തുടങ്ങി വിവിധ അന്താരാഷ്‌ട്ര ഡെസ്റ്റിനേഷനുകളിലേക്ക് നേരത്തെ മുതൽ ഇന്റർനെറ്റ് ലഭ്യമായിരുന്നു. ഈ സംവിധാനമാണ് ആഭ്യന്തര യാത്രകളിലും നടപ്പിലാക്കിയത്.















