അലഹബാദ്: പൊതുസ്ഥലത്ത് പർദ്ദ ധരിക്കാതെ ഭാര്യ നടക്കുന്നുവെന്നത് ഭർത്താവിനോടുള്ള ക്രൂരതയായി കാണാൻ കഴിയില്ലെന്നും വിവാഹബന്ധം വേർപെടുത്തുന്നതിന് മതിയായ കാരണമല്ലെന്നും നിരീക്ഷിച്ച് അലഹബാദ് ഹൈക്കോടതി. പരമ്പരാഗതമായി പിന്തുടരുന്ന മതാചാരങ്ങൾ പാലിക്കാൻ ഭാര്യ വിസമ്മതിച്ചതിനാലും അവളുടെ സ്വതന്ത്രമായ പെരുമാറ്റം അംഗീകരിക്കാൻ സാധിക്കാത്തതിനാലും വിവാഹമോചനം വേണമെന്ന ഭർത്താവിന്റെ വാദം കോടതി തള്ളുകയും ചെയ്തു.
ക്രൂരത ആരോപിച്ചായിരുന്നു 35 വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കാൻ ഭർത്താവ് കോടതിയെ സമീപിച്ചത്. 1990-ൽ വിവാഹിതരായ ദമ്പതികൾ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് 1996 മുതൽ വേർപിരിഞ്ഞാണ് താമസം. രണ്ടു പതിറ്റാണ്ടിലേറെയായി അകന്നു കഴിഞ്ഞിട്ടും, വിവാഹമോചനം നൽകാൻ ഭാര്യ വിസമ്മതിച്ചു. ഇതാണ് മാസങ്ങൾ നീണ്ട കോടതി വ്യവഹാരങ്ങളിലേക്ക് നയിച്ചത്.
‘പർദ്ദ’ ധരിക്കാതെ പുറത്തുപോകുന്നതും സമൂഹത്തിൽ സ്വതന്ത്രമായി ഇടപഴകുന്നതും അടക്കമുള്ള ഭാര്യയുടെ പെരുമാറ്റം തന്റെ പ്രതീക്ഷകളെ തെറ്റിക്കുന്നതായിരുന്നു. ഇത് മാനസികമായ ക്രൂരതയ്‌ക്ക് തന്നെ വിധേയനാക്കിയെന്നും ഭർത്താവ് വാദിച്ചു. എന്നാൽ, ഈ വാദങ്ങളിൽ കഴമ്പില്ലെന്ന് കോടതി കണ്ടെത്തി. ഭർത്താവ് എഞ്ചിനീയറും ഭാര്യ സർക്കാർ സ്കൂൾ അദ്ധ്യാപികയും ആണെന്നിരിക്കെ ഇരുവരെയും വിദ്യാസമ്പന്നരായ പ്രൊഫഷണലുകളായാണ് കണക്കാക്കുക. ആധുനിക സാഹചര്യത്തിൽ ജീവിക്കുന്നതിനാൽ ഇത്തരം നടപടികളെ ക്രൂരമായി കാണാനാകില്ലെന്ന് ജസ്റ്റിസുമാരായ സൗമിത്ര ദയാൽ സിംഗും ഡൊണാദി രമേശും വ്യക്തമാക്കി. വ്യത്യസ്‌ത ജീവിത വീക്ഷണങ്ങളും പെരുമാറ്റങ്ങളും ക്രൂരതയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.