കൊൽക്കത്ത: അതിർത്തി സുരക്ഷാ സേനയെ (BSF) അവഹേളിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബംഗാളിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രസർക്കാർ ഗൂഢശ്രമം നടത്തുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് ബംഗ്ലാദേശി നുഴഞ്ഞുകയറ്റുകാരെ ബിഎസ്എഫ് കടത്തിവിടുകയാണെന്നും മമതാ ബാനർജി ആരോപിച്ചു.
ഇസ്ലാംപൂരിലെ ബിഎസ്എഫിന്റെ സഹായത്തോടെ സീതൈ, ചോപ്ര എന്നീ അതിർത്തി മേഖലകൾ വഴി നുഴഞ്ഞുകയറ്റക്കാർ എത്തുകയാണ്. ഇതിനെതിരെ എന്തുകൊണ്ടാണ് പ്രതിഷേധമുയരാത്തത്? ബിഎസ്എഫിന്റെ കൈകളിലാണല്ലോ അതിർത്തികളുടെ സുരക്ഷയിരിക്കുന്നത്. അതിർത്തി സുരക്ഷാ സേനയുടെ തെറ്റായ പ്രവൃത്തികളെ പിന്തുണച്ച് തൃണമൂൽ കോൺഗ്രസിനെ ഉപദ്രവിക്കരുത്. – മമതാ ബാനർജി പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ നീചമായ പദ്ധതിയുടെ ബ്ലൂപ്രിന്റാണിതെന്നും ബംഗ്ലാദേശ് അതിർത്തി കാക്കേണ്ട ബിഎസ്എഫ് നുഴഞ്ഞുകയറ്റുകാരെ ബംഗാളിലേക്ക് കടത്തിവിടുകയും സ്ത്രീകളെ ചൂഷണം ചെയ്യുകയുമാണെന്നും മമതാ ബാനർജി കൂട്ടിച്ചേർത്തു.
ബംഗാളിൽ നുഴഞ്ഞുകയറ്റക്കാർ യഥേഷ്ടം വിഹരിക്കുന്നതിന് കാരണം തൃണമൂൽ സർക്കാരാണെന്നും സംസ്ഥാനത്തിന്റെ സമാധാനം തകർക്കപ്പെടുന്നത് ഇതുകാരണമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതയായാണ് ബിഎസ്എഫിനെ അവഹേളിച്ച് മമത രംഗത്തെത്തിയത്.