വാഷിംഗ്ടൺ ഡിസി: ന്യൂ ഓർലീൻസിൽ പുതുവത്സരാഘോഷത്തിനിടെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവി നടത്തിയ ഭീകരാക്രമണത്തിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. ഐഎസിന്റെയും മറ്റ് ഭീകരവാദ സംഘടനകളുടെയും പിറകെ അമേരിക്കയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഭീകരസംഘടനകളെ നിരന്തരം പിന്തുടരുമെന്നും അമേരിക്കയുടെ മണ്ണിൽ ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകർ സുരക്ഷിതരായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂ ഓർലീൻസ് ആക്രമണത്തിൽ അക്രമി ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടതായും 35 പേർക്ക് പരിക്കേറ്റതായും ബൈഡൻ അറിയിച്ചു. ആക്രമണത്തിൽ മറ്റാർക്കെങ്കിലും പങ്കുള്ളതായി വിവരമില്ല. ഫ്രഞ്ച് ക്വാർട്ടറിലെ രണ്ടിടങ്ങളിലായി ഐസ് കൂളറുകളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച അതേവ്യക്തി തന്നെയാണ് ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ ആക്രമണകാരിയെന്നും ബൈഡൻ അറിയിച്ചു.
ഐഎസിനുള്ള ശക്തമായ പിന്തുണ സൂചിപ്പിക്കുന്ന വീഡിയോകളാണ് ആക്രമണത്തിന് മുൻപ് പ്രതി പോസ്റ്റ് ചെയ്തിരുന്നത്. ഫെഡറൽ ലോ എൻഫോഴ്‌സ്‌മെൻ്റും രഹസ്യാന്വേഷണ വിഭാഗവും സജീവമായി കേസ് അന്വേഷിക്കുന്നുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി.
ന്യൂഇയർ ദിനം പുലർച്ചെ ന്യൂ ഓർലീൻസ് നഗരത്തിലാണ് ആക്രമണം നടന്നത്. അമിതവേഗത്തിലെത്തി ജനക്കൂട്ടത്തെ ഇടിച്ചുതെറിപ്പിച്ച അക്രമി വെടിവെപ്പും നടത്തിയിരുന്നു. വിമുക്തഭടനായ 42-കാരൻ ഷംസുദ്ദീൻ ജബ്ബാറാണ് ആക്രമണം നടത്തിയത്. ഇയാൾ ഇസ്ലാമിക് സ്റ്റേറ്റ് അനുയായിയാണെന്ന് എഫ്ബിഐ കണ്ടെത്തുകയും ചെയ്തിരുന്നു.