ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത് നിവിൻ പോളിയും നയൻതാരയും ഒന്നിച്ച സിനിമയാണ് ‘ലവ് ആക്ഷൻ ഡ്രാമ’. ഒറ്റ സിനിമയിൽ തന്നെ മലയാളികളുടെ പ്രിയ ജോഡിയായി ഇരുവരും മാറിയിരുന്നു. 2019-ലാണ് സിനിമ റിലീസ് ചെയ്തത്. ഈ പ്രിയ ജോഡികൾ വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ‘ഡിയർ സ്റ്റുഡന്റ്’ എന്നാണ് ചിത്രത്തിന്റെ പേര്. നിവിൻ പോളിയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്.
സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്. നവാഗതനായ സന്ദീപ് കുമാർ, ജോർജ് ഫിലിപ്പ് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ നിർമാണത്തിലും നിവിനും നയൻതാരയും പങ്കുചേരുന്നുണ്ട്. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്സും, നയൻതാര- വിഘ്നേഷ് ശിവൻ എന്നിവരുടെ ഹ്രോം പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്ചേഴ്സും ചേർന്നാണ് ഡിയർ സ്റ്റുഡന്റ്സ് നിർമിക്കുന്നത്.
2025-ൽ ചിത്രം തിയേറ്ററുകളിലെത്തും. പോസ്റ്ററിന് താഴെ ആശംസാപ്രവാഹമാണ് നിവിന് ലഭിക്കുന്നത്. പുതിയ തുടക്കമാവട്ടെയെന്നാണ് ആരാധകർ പറയുന്നത്. സിനിമയിലേക്ക് നയൻതാരയെ സ്വാഗതം ചെയ്യുന്ന നിവിൻ പോളിയുടെ പോസ്റ്റ് നേരത്തെ പുറത്തുവന്നിരുന്നു.