ന്യൂഡൽഹി: ഉഭയകക്ഷി വ്യാപാരം പുനരാരംഭിക്കുന്നതിന് സംയുക്ത ശ്രമങ്ങൾ വേണമെന്ന പാകിസ്താൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ പരാമർശത്തിന് മറുപടി നൽകി ഇന്ത്യ. ഭീകരതയെ ഭരണകൂട നയത്തിന്റെ ഉപകരണമായി ഉപയോഗിക്കുന്ന രാജ്യമാണ് പാകിസ്താനെന്നും അതിനാൽ അതിർത്തികടന്നുള്ള ഭീകരവാദത്തിന് അവസാനം കുറിച്ചിട്ടാകാം വ്യാപാര ചർച്ചകളെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
സഹകരണം എന്നതല്ല ഭീകരവാദമെന്നതാണ് പ്രസക്തമായ വാക്കെന്ന് രൺധീർ ചൂണ്ടിക്കാട്ടി. വിഷയത്തിൽ ഇന്ത്യ തുടർന്നുവരുന്ന നിലപടിൽ മാറ്റമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. എന്നാൽ ഇന്ത്യക്ക് താല്പര്യമുണ്ടെങ്കിൽ പാകിസ്താൻ ചർച്ചകൾക്ക് തയാറാണെന്നും ഇതിന് ഇരുവശത്തുനിന്നും സഹകരണം വേണമെന്നുമായിരുന്നു ഇഷാഖ് ദാറിന്റെ പ്രസ്താവന. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു പാക് വിദേശകാര്യ മന്ത്രി കൂടിയായ ഇഷാഖ് ദാറിന്റെ പ്രസ്താവന.
പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്താനുമായുള്ള മോസ്റ്റ് ഫേവേർഡ് നേഷൻ (MFN) പദവി ഇന്ത്യ പിൻവലിക്കുകയും പാകിസ്താനിൽ നിന്നുള്ള ഇറക്കുമതിക്ക് 200 ശതമാനം തീരുവ ചുമത്തുകയും ചെയ്തിരുന്നു. 2019 ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചതിനുപിന്നാലെ പാകിസ്താനും ഇന്ത്യയുമായുള്ള വ്യാപാരം നിർത്തിവെക്കുകയും നയതന്ത്രബന്ധം താഴ്‌ത്തുകയും ചെയ്തു. ഭീകരവാദ വിഷയത്തിൽ പാകിസ്താനെതിരെ നയതന്ത്രപരമായ ആക്രമണം തുടരുന്ന ഇന്ത്യ, അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കുന്നത് വരെ ഇസ്ലാമാബാദുമായി ചർച്ചകൾ നടത്തില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.