ന്യൂയോർക്ക്: ഹഷ് മണി കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഡോണൾഡ് ട്രംപിനുള്ള ശിക്ഷ ജനുവരി 10ന് വിധിക്കുമെന്ന് പ്രഖ്യാപിച്ച് ന്യൂയോർക്ക് കോടതി ജഡ്ജി ജുവാൻ മെർച്ചൻ. ഹഷ് മണി നൽകൽ, ഇത് മറച്ചുവെക്കാൻ വ്യാജ ബിസിനസ് രേഖകൾ ചമയ്‌ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് ട്രംപിന് ശിക്ഷ വിധിക്കുക. ജനുവരി 20നാണ് അമേരിക്കൻ പ്രസിഡന്റായി ട്രംപ് വീണ്ടും അധികാരമേൽക്കുന്നത്. ഇതിന് പത്ത് ദിവസം മുമ്പാണ് ട്രംപിനെതിരായ ശിക്ഷാവിധി വരുന്നതെന്ന് പ്രത്യേകതയുമുണ്ട്.
2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് നടന്ന ക്യാമ്പയിനിടെ പോൺസാരം സ്റ്റോമി ഡാനിയൽസിന് പണം നൽകിയ സംഭവമാണ് ഹഷ് മണി കേസ്. 130,000 അമേരിക്കൻ ഡോളർ തുക ട്രംപിന്റെ മുൻ അഭിഭാഷകൻ മുഖേന കൈമാറിയെന്നാണ് കണ്ടെത്തൽ. എന്നാൽ ഇക്കാര്യം വിവാദമാകുമെന്ന സാഹചര്യം കൈവന്നതോടെ പണം നൽകിയത് അഭിഭാഷകനാണെന്ന് കാണിക്കാൻ ട്രംപ് വ്യാജരേഖകൾ ചമച്ചുവെന്നും കേസിൽ പറയുന്നു. ഹഷ് മണി മറച്ചുവെക്കാൻ 34 ബിസിനസ് റെക്കോർഡുകൾ വ്യാജമായി സൃഷ്ടിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതാണ് ഹഷ് മണി കേസ് എന്ന് അറിയപ്പെടുന്നത്. സംഭവത്തിൽ 2023 മെയ്മാസത്തിൽ ട്രംപിനെതിരായ വിധി ന്യൂയോർക്ക് കോടതി ശരിവച്ചിരുന്നു.
നടി സ്റ്റോമി ഡാനിയൽസിന് ട്രംപുമായി ‘ബന്ധ’മുണ്ടെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് പല കഥകളും പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഡാനിയൽസിന് പറയാനുള്ള ‘കഥ’ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവരാതിരിക്കാൻ നടിക്ക് ട്രംപ് പണം നൽകിയെന്നാണ് ആരോപണം. ട്രംപിന്റെ മുൻ അഭിഭാഷകൻ മൈക്കൽ കോഹൻ മുഖേനയാണ് പണം കൈമാറിയതെങ്കിലും പിന്നീട് ഇയാൾ ട്രംപിനെതിരെ തിരിഞ്ഞു.
ട്രംപിന്റെ നിർദേശപ്രകാരമാണ് പണം നൽകിയതെന്ന് മൈക്കൽ കോഹൻ മൊഴി നൽകി. തുടർന്നാണ് അമേരിക്കൻ മുൻ പ്രസിഡന്റായ ട്രംപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡൻ്റായി ട്രംപ് മാറിയത് രാജ്യത്ത് ചരിത്രം സൃഷ്ടിച്ചിരുന്നു. എന്നാൽ തന്റെ നിയമപോരാട്ടം തുടരുമെന്നാണ് ട്രംപിന്റെ പ്രതിജ്ഞ. വിധിക്കെതിരെ അപ്പീൽ പോകുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.