ന്യൂഡൽഹി: വീണ്ടും ചരിത്രനേട്ടവുമായി ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഇസ്രോ. തിരുവനന്തപുരം IISU വികസിപ്പിച്ച യന്ത്രക്കൈ ബഹിരാകാശത്ത് പ്രവർത്തിപ്പിച്ചാണ് ISRO നേട്ടം സ്വന്തമാക്കിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘നടക്കുന്ന റോബോട്ടിനെ’ ബഹിരാകാശത്ത് എത്തിച്ച് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് നേട്ടം.
🇮🇳 #RRM_TD, India’s first space robotic arm, is in action onboard #POEM4! A proud #MakeInIndia milestone in space robotics. 🚀✨ #ISRO #SpaceTech pic.twitter.com/sy3BxrtRN1
— ISRO (@isro) January 4, 2025
റീലൊക്കേറ്റബിൾ റോബോട്ടിക് മാനിപ്പുലേറ്റർ എന്നതിനെയാണ്
ചലിക്കുന്ന യന്ത്രക്കൈ എന്ന് വിശേഷിപ്പിക്കുന്നത്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നടക്കുക, നിരീക്ഷണങ്ങൾ നടത്തുക, അല്ലറചില്ലറ അറ്റകുറ്റപ്പണികൾ നടത്തുക, അവശിഷ്ടങ്ങൾ ശേഖരിക്കുക എന്നിവയെല്ലാം ഈ റോബോട്ടിക് കൈ ചെയ്യുന്നതാണ്. ബഹിരാകാശത്ത് എത്തിയ റോക്കറ്റിന്റെ ഭാഗങ്ങൾ പുനരുപയോഗിക്കുന്ന പോയം 4ൽ (PSLV Orbital Experimental Module) ആണ് യന്ത്രക്കൈ നിലവിൽ പ്രവർത്തിക്കുന്നത്.
സ്പേഡെക്സ് ഉപഗ്രങ്ങളെ വിക്ഷേപിച്ച PSLV C60 ദൗത്യത്തിലായിരുന്നു ഇസ്രോയുടെ ഈ യന്ത്രക്കൈ ബഹിരാകാശത്തേക്ക് അയച്ചതെന്ന് അധികൃതർ അറിയിച്ചു. ഭാവിയിൽ ഇന്ത്യ സ്വന്തമായി നിർമിക്കുന്ന ബഹിരാകാശ നിലയത്തിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നാണ് പറയപ്പെടുന്നത്. ഇന്ത്യൻ നിലയത്തിൽ പ്രവർത്തിക്കേണ്ട യന്ത്രക്കൈയുടെ പ്രാഥമിക രൂപമായി ഇതിനെ വിലയിരുത്താം.