എറണാകുളം: താരസംഘടനയായ അമ്മ ആദ്യമായി നടത്തുന്ന കുടുംബസംഗമത്തിന് തുടക്കമായി. താരരാജാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ചേർന്നാണ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തത്. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് കുടുംബസംഗമം നടക്കുന്നത്. പത്ത് മണി മുതൽ താരങ്ങൾ പങ്കെടുക്കുന്ന കലാ-കായിക, സാംസ്കാരിക പരിപാടികൾ ആരംഭിച്ചു.
നടനും സംവിധായകനുമായ ശ്രീനിവാസൻ ഏറെ നാളുകൾക്ക് ശേഷമാണ് താരങ്ങളോടൊപ്പം ഒത്തുകൂടുന്നത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജഗദീഷ്, ശ്രീനിവാസൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. കുടുംബാംഗങ്ങളോടൊപ്പമാണ് താരങ്ങൾ എത്തിയത്.
ഫുട്ബോൾ താരം ഐ എം വിജയന്റെ നേതൃത്വത്തിൽ ഫുട്ബോൾ മത്സരത്തോട് കൂടിയാണ് പരിപാടികൾക്ക് തുടക്കമായത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ നയിക്കുന്ന മൂന്ന് ടീമുകളായാണ് ഫുട്ബോൾ മത്സരങ്ങൾ അരങ്ങേറിയത്. ഏറെ ആവേശം നിറഞ്ഞ മത്സരങ്ങൾ കാണാൻ താരങ്ങളും സന്നിഹിതരായിരുന്നു. സുരേഷ് ഗോപിയുടെ ടീമായിരുന്നു വിജയികൾ. മോഹൻലാൽ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു.
രസകരമായ നിരവധി പരിപാടികളും അമ്മ സംഘടിപ്പിച്ചിട്ടുണ്ട്. 240 ഓളം അമ്മ അംഗങ്ങളാണ് കുടുംബസംഗമത്തിൽ പങ്കെടുക്കുക. കഴിഞ്ഞ 30 വർഷത്തിനിടെ ഇതാദ്യമായാണ് അമ്മ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേരുന്നത്.