ന്യൂഡൽഹി: പെൻഷൻ സേവനങ്ങൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ഇപിഎഫ്ഒ പ്രാദേശിക ഓഫീസുകളിലും കേന്ദ്രീകൃത പെൻഷൻ വിതരണ സംവിധാനം നടപ്പാക്കി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറിൽ 122 പ്രാദേശിക ഓഫീസുകൾ വഴി 68 ലക്ഷത്തിലധികം പെൻഷൻകാർക്ക് ഏകദേശം 1570 കോടി രൂപ വിതരണം ചെയ്തു. ഈ നേട്ടം ചരിത്രപരമാണെന്ന് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
2024 ഒക്ടോബറിൽ കർണാൽ, ജമ്മു, ശ്രീനഗർ റീജിയണൽ ഓഫീസുകളിലാണ് ആദ്യമായി സംവിധാനം നിലവിൽ വന്നത്. ഇത് വിജയകരമായതോടെ രാജ്യം മുഴുവൻ വ്യാപിപ്പിക്കുകയായിരുന്നു.
കേന്ദ്രീകൃത പെൻവിതരണ സംവിധാനം നിലവിൽ വന്നതോടെ ഇപിഎസ് പെൻഷൻകാർക്ക് ഏതു ബാങ്കിൽ നിന്നും സേവനം ലഭ്യമാകും. പെൻഷൻപേയ്‌മെന്റ് ഓർഡർ മാറ്റേണ്ട ബുദ്ധിമുട്ടുകളും ഒഴിവാകും. പെൻഷൻ ആരംഭിക്കുമ്പോൾ ബാങ്കിൽ സ്ഥിരീകരണത്തിനായി പോകേണ്ടതില്ല. പെൻഷൻ അനുവദിച്ച ഉടൻ അക്കൗണ്ടിൽ ക്രെഡിറ്റും ചെയ്യും. ബാങ്കോ ബ്രാഞ്ചോ മാറുമ്പോഴോ പെൻഷൻ പേയ്‌മെൻ്റ് ഓർഡറുകൾ (പിപിഒ) ഒരു ഓഫീസിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റേണ്ട ആവശ്യവുമില്ല. വിരമിച്ചശേഷം സ്വദേശത്തേക്ക് മാറുന്ന പെൻഷൻകാർക്കാണ് ഇത് കൂടുതൽ ഗുണം ചെയ്യുക..