ഗോരഖ്പൂർ: വിവാഹ ചടങ്ങുകൾക്കിടെ ശുചിമുറിയിലേക്കെന്ന് പറഞ്ഞ് പോയ വധു സ്വർണവും പണവുമായി മുങ്ങി. ഗോരഖ്പൂരിലെ ഭരോഹിയയിലാണ് സംഭവം. കമലേഷ് കുമാർ എന്ന യുവാവ് ആണ് കബളിപ്പിക്കപ്പെട്ടത്. ഇയാളുടെ രണ്ടാം വിവാഹമായിരുന്നു.
ഭരോഹിയയിലെ ശിവക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ഇതിന് മുന്നോടിയായുള്ള ചടങ്ങുകളിൽ വരൻ പങ്കെടുത്തുകൊണ്ടിരിക്കെയാണ് ബാത്ത്‌റൂമിൽ പോയിട്ട് വരാം എന്ന് പറഞ്ഞ് മണവാട്ടി മുങ്ങിയത്. ഏറെ നേരമായി കാണാഞ്ഞിട്ട് നടത്തിയ അന്വേഷണത്തിൽ ഇവരെ അവിടെയെങ്ങും കാണാനായില്ല. തുടർന്നാണ് ആൾ മുങ്ങിയതാണെന്ന് ഉറപ്പിച്ചത്.
ബ്രോക്കർക്ക് 30,000 രൂപ കൊടുത്താണ് വിവാഹം ഉറപ്പിച്ചതെന്ന് കമലേഷ് കുമാർ പറയുന്നു. സിതാപൂരിലെ ഗോവിന്ദ്പൂർ ഗ്രാമത്തിലെ കർഷകനാണ് 40 കാരനായ കമലേഷ്. ചടങ്ങുകൾക്കായി പെൺകുട്ടിയും അമ്മയും വെള്ളിയാഴ്ച രാത്രി തന്നെ ക്ഷേത്രത്തിലെത്തിയെന്ന് കമലേഷ് പറയുന്നു. പെൺകുട്ടിക്ക് വിവാഹത്തിനുള്ള സാരിയും ബ്യൂട്ടി പ്രൊഡക്ട്‌സും ആഭരണങ്ങളും ഒക്കെ നൽകി. വിവാഹച്ചിലവും താൻ തന്നെയാണ് വഹിക്കാമെന്ന് ഏറ്റതെന്ന് കമലേഷ് പറഞ്ഞു.
പെൺകുട്ടിയെ കാണാതായതിന് പിന്നാലെ അമ്മയെയും അന്വേഷിച്ചെങ്കിലും അവരെയും കണ്ടെത്താനായില്ല. സംഭവത്തിൽ പ്രാദേശിക മാദ്ധ്യമങ്ങളോടാണ് കമലേഷ് കബളിപ്പിക്കപ്പെട്ട കാര്യം തുറന്നുപറഞ്ഞത്. ഇതുവരെ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മാദ്ധ്യമവാർത്ത ശ്രദ്ധയിൽപെട്ടതോടെ പൊലീസ് പറഞ്ഞു.















