തിരുവനന്തപുരം: ഹയർസെക്കൻഡറി വിഭാഗം നാടകം കാണാൻ ടാഗോർ തിയറ്റർ വേദിയായ പമ്പയാർ നിറഞ്ഞുകവിഞ്ഞ് കാണികൾ. രണ്ടാം ദിനം നൃത്തയിനങ്ങളിലെ മത്സരങ്ങൾ പുരോഗമിക്കുമ്പോഴും മറ്റ് വേദികളിലില്ലാത്ത തിരക്കാണ് ടാഗോർ തീയറ്ററിൽ അനുഭവപ്പെട്ടത്. കുട്ടികളെക്കാൾ കൂടുതൽ മുതിർന്നവരാണ് കുട്ടികളുടെ നാടകം കാണാനെത്തിയതെന്നും ശ്രദ്ധേയമാണ്.
9.30 ന് തുടങ്ങേണ്ടിയിരുന്ന നാടക മത്സരങ്ങൾ ഒരു മണിക്കൂർ വൈകി 10.30 യ്‌ക്കാണ് ആരംഭിച്ചത്. അപ്പോഴേക്കും ടാഗോർ തിയറ്ററിലെ ഇരിപ്പിടങ്ങൾ നിറഞ്ഞു കവിഞ്ഞിരുന്നു. നാടകം ആരംഭിച്ചതോടെ കാഴ്ചക്കാർ ഏറ്റവും പിന്നിലായി നിലയുറപ്പിച്ചു. ചിലർ പടിക്കെട്ടുകളിൽ ഇരിപ്പായി.
നിറഞ്ഞസദസിൽ നാടകം അവതരിപ്പിച്ച കുട്ടികളുടെയും ആവേശം വർദ്ധിച്ചു. ഓരോ നാടകം കഴിയുമ്പോഴും സദസിലിരുന്നവർ നിറഞ്ഞ കരഘോഷത്തോടെ കുട്ടികളെ പ്രോത്സാഹിപ്പിച്ചു. പുരാണങ്ങളും സമകാലിക വിഷയങ്ങളും ഇതിവൃത്തമായുള്ള നാടകങ്ങൾ കുട്ടികൾ തന്മയത്വത്തോടെ വേദിയിൽ അവതരിപ്പിച്ചു. വടക്കൻ ജില്ലകളിലെ മത്സരാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരുമാണ് കാഴ്ചക്കാരിൽ അധികവും.