മെൽബൺ: ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു. എത്തിഹാദ് എയർവേയ്സിന്റെ വിമാനത്തിലാണ് അപകടമുണ്ടായത്. സംഭവസമയത്ത് എയർക്രാഫ്റ്റിനകത്ത് 300 യാത്രക്കാരുണ്ടായിരുന്നു. റൺവേയിൽ നിന്ന് ചലിച്ചുതുടങ്ങിയ വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപാണ് സംഭവം. പുക ഉയർന്നതിന് പിന്നാലെ പന്തികേട് തിരിച്ചറിഞ്ഞ പൈലറ്റ്, യാത്ര അടിയന്തരമായി റദ്ദാക്കാൻ തീരുമാനിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. മെൽബൺ എയർപോർട്ടിലാണ് സംഭവമുണ്ടായത്.
എത്തിഹാദ് എയർവേയ്സിന്റെ EY461 എന്ന വിമാനത്തിന്റെ ടയറുകളായിരുന്നു പൊട്ടിത്തെറിച്ചത്. ഞായറാഴ്ച വൈകിട്ട് മെൽബണിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ ബോയിംഗ് 787 എന്ന എയർക്രാഫ്റ്റിന്റെ ടയറുകളാണ് തകരാറിലായത്. സർവീസ് റദ്ദാക്കിയതിന് തൊട്ടുപിന്നാലെ വിമാനത്തിൽ നിന്ന് യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി എത്തിഹാദ് എയർവേയ്സ് വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു.
പൂർണമായും പ്രവർത്തനക്ഷമമായ ഒറ്റ റൺവേ മാത്രമേ മെൽബൺ എയർപോർട്ടിലുള്ളൂവെന്നതിനാൽ റൺവേയിലുണ്ടായ അപകടം വിമാനസർവീസുകളെ നേരിയ തോതിൽ ബാധിച്ചിട്ടുണ്ട്. തകരാറുകൾ പരിഹരിച്ചതിന് ശേഷം യാത്രക്കാരുമായി ഉടൻ യുഎഇയിലേക്ക് പറക്കുമെന്ന് എത്തിഹാദ് എയർവേയ്സ് അറിയിച്ചു.













