ന്യൂയോർക്ക്: മഞ്ഞ്, ഐസ്, തണുത്ത കാറ്റ്.. കേൾക്കുമ്പോൾ നല്ല രസമുണ്ടെങ്കിലും അനുഭവിക്കുന്നവർക്ക് ഒട്ടുമേ രസം തോന്നാത്ത കാര്യമാണ്. ഇപ്പോൾ സെൻട്രൽ യുഎസിലെ അവസ്ഥയും അതുതന്നെ. കൊടുംശൈത്യം പിടിമുറുക്കിയതോടെ അമേരിക്കയിൽ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. മഞ്ഞുബോംബ് പൊട്ടിത്തെറിച്ചാലുള്ള അവസ്ഥയ്‌ക്ക് സമാനമാണ് സാഹചര്യം. ചിലയിടങ്ങളിൽ റെക്കോർഡ് മഞ്ഞുവീഴ്ചയാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദശാബ്ദത്തിനിടെ കണ്ടിട്ടില്ലാത്തവിധം ശൈത്യ കൊടുങ്കാറ്റും ഇവിടെയുണ്ട്.
കാലാവസ്ഥ തീർത്തും പ്രതികൂലമായതോടെ ഏഴ് അമേരിക്കൻ സംസ്ഥാനങ്ങളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം 60 ദശലക്ഷത്തോളം ജനങ്ങൾ കൊടും ശൈത്യത്തിൽ ദുരിതംപേറുന്നുണ്ടെന്നാണ് റിപ്പോർട്ട്.
കൻസാസ്, വെസ്റ്റേൺ നെബ്രാസ്ക, ഇൻഡ്യാനയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലുള്ള പ്രധാന റോഡുകളെല്ലാം മഞ്ഞുമൂടി ഗതാഗതം സ്തംഭിച്ചു. കാൻസാസ് സിറ്റിയിൽ നിന്ന് വാഷിംഗ്ടണിലേക്കുള്ള പാതയും അപകടകരമാംവിധം മഞ്ഞുമൂടിയിരിക്കുകയാണ്.
മിസ്സൗറിയിൽ 600ലധികം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായും വിർജീനിയ, ഇൻഡ്യാന, കാൻസാസ്, കെൻ്റുക്കി എന്നിവിടങ്ങളിൽ നൂറുകണക്കിന് വാഹനാപകടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. കാൻസാസ് മുതൽ ന്യൂജേഴ്സി വരെയുള്ള പ്രധാന നഗരങ്ങൾക്കെല്ലാം ശൈത്യകൊടുങ്കാറ്റ് മുന്നറിയിപ്പ് ലഭിച്ചുകഴിഞ്ഞു. എട്ട് ഇഞ്ചോളം ഉയരത്തിൽ വീഴുന്ന മഞ്ഞിനെ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനും ദുരിതബാധിതരെ രക്ഷപ്പെടുത്താനുമുള്ള ശ്രമത്തിലാണ് അധികൃതർ. കാലാവസ്ഥാ മുന്നറിയിപ്പ് ചെവികൊള്ളണമെന്നും നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഭരണകൂടം അറിയിച്ചു.















