സൂറത്ത്: വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 26-കാരൻ അറസ്റ്റിൽ. അതിക്രമത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. തുടർന്ന് കുട്ടികളുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തറി ഫാക്ടറിയിൽ ജോലി ചെയ്യുന്ന 26-കാരൻ മുഹമ്മദ് നാസിർ അൻസാരിയാണ് അറസ്റ്റിലായത്.
വീടിന് പുറത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് സൈക്കിളോടിച്ച് കളിക്കുകയായിരുന്നു രണ്ട് പെൺകുട്ടികൾ. ഇവർക്കൊപ്പം കളിക്കാനെന്ന പേരിൽ എത്തിയതായിരുന്നു യുവാവ്. എന്നാൽ കുറച്ചുസമയം കഴിഞ്ഞപ്പോൾ കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ച അൻസാരി, ലൈംഗികമായി ഉപദ്രവിക്കാൻ തുടങ്ങി. അൻസാരിയുടെ ചെയ്തികളെല്ലാം സിസിടിവിയിൽ പതിയുകയും ചെയ്തു. സൂറത്തിലെ റെസിഡൻഷ്യൽ സൊസൈറ്റിയിലാണ് സംഭവം നടന്നത്.
വിവരമറിഞ്ഞ മാതാപിതാക്കൾ തെളിവുകളുമായി പൊലീസിനെ സമീപിച്ചതോടെ അൻസാരി പിടിയിലാവുകയായിരുന്നു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് അറിയിച്ചു.















