ചെന്നൈ: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഭാര്യ ഋതിക സജ്‌ദേയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിലേക്ക് മെസേജ് അയച്ച് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. അക്കൗണ്ട് വ്യാജമാണെന്ന് മനസിലായതോടെ അയച്ച മെസേജുകൾ പെട്ടന്ന് ഡിലീറ്റ് ചെയ്ത് താരം തടിയൂരി. അശ്വിന്റെ മെസേജുകളുടെ സ്ക്രീൻ ഷോട്ടുകൾ സമൂഹമദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
കഴിഞ്ഞ ദിവസം സിഡ്നി ടെസ്റ്റിൽ ഇന്ത്യ തോൽക്കുകയും പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ അശ്വിൻ എക്‌സിൽ പങ്കുവച്ച പോസ്റ്റിന് താഴെ നിരവധിപേർ കമന്റുമായെത്തി. എക്‌സിലെ @Nishitha018 എന്ന ഉപയോക്താവും ഇതിലൊന്നിന് മറുപടി നൽകി. ഇവരുടെ പ്രൊഫൈലിൽ ഋതികയുടെ പേരും ഫോട്ടോയും ഉള്ളതിനാൽ, ഇത് വ്യാജ അക്കൗണ്ടാണെന്ന് അറിയാതെ അശ്വിൻ അവളുടെ കമൻ്റിന് മറുപടി നൽകുകയായിരുന്നു.
“ഹായ് റിതിക, സുഖമാണോ? കുഞ്ഞിനും കുടുംബത്തിനും ആശംസകൾ” അശ്വിൻ കുറിച്ചു.
“ഞാൻ സുഖമായിരിക്കുന്നു അശ്വിൻ അണ്ണാ” എന്ന മറുപടിയാണ് താരത്തെ അമ്പരപ്പിച്ചത്. അമളിപറ്റിയെന്ന് മനസിലായ ഉടൻ തന്നെ അശ്വിൻ അയച്ച മെസേജുകൾ എല്ലാം ഡിലീറ്റ് ആക്കി.
മെൽബണിൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിനിടെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ആർ അശ്വിൻ നിലവിൽ മാർച്ചിൽ നടക്കാനിരിക്കുന്ന ഐപിഎല്ലിൽ കളിക്കാനുള്ള തയാറെടുപ്പിലാണ്. ഐപിഎൽ മെഗാ ലേലത്തിൽ 9.75 കോടിക്കാണ് താരത്തെ ചെന്നൈ സൂപ്പർ കിംഗ്‌സ് സ്വന്തമാക്കിയത്.