പ്രയാഗ് രാജിലെ മഹാകുംഭമേളയ്‌ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ പുതിയ ഭീഷണിയുമായി ഖലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. വീഡിയോ സന്ദേശത്തിലൂടെയാണ് നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവന്റെ ഭീഷണിയെത്തിയത്.
ഹിന്ദു പ്രത്യയശാസ്ത്രത്തെ എതിർക്കാനും ഇല്ലാതാക്കാനും പ്രയാഗ് രാജിലേക്ക് പോകണമെന്ന ആഹ്വാനത്തോടെയാണ് വീഡിയോ. ലക്നൗവിലെയും പ്രയാഗ്‌രാജിലെയും വിമാനത്താവളങ്ങളിൽ ഖലിസ്ഥാനി, കശ്മീരി പതാകകൾ ഉയർത്തണമെന്ന നിർദ്ദേശവും ഇയാൾ അനുയായികൾക്ക് നൽകുന്നുണ്ട്. പ്രയാഗ് രാജിലെ മഹാകുംഭമേള യുദ്ധക്കളമാകുമെന്നും പന്നൂൻ പറയുന്നുണ്ട്.
പത്ത് ദിവസത്തിനുള്ളിൽ മഹാകുംഭമേളയെ ലക്ഷ്യമിട്ടു കൊണ്ടുള്ള രണ്ടാമത്തെ സന്ദേശമാണിത്. മകര സംക്രാന്തി (ജനുവരി 14), മൗനി അമാവാസി (ജനുവരി 29), ബസന്ത് പഞ്ചമി (ഫെബ്രുവരി 3) എന്നീ തിയതികളിൽ ആക്രമം നടത്തുമെന്നായിരുന്നു ആദ്യ ഭീഷണി.
പിന്നാലെ പന്നൂന് മറുപടിയുമായി അഖില ഭാരതീയ അഖാഡ പരിഷത്ത് എത്തി.
ഇത്തരത്തിൽ നൂറുകണക്കിന് ഭ്രാന്തന്മാരെ നമ്മൾ കണ്ടിട്ടുണ്ട്. ഈ ഭ്രാന്തന്മാരെയൊന്നും ഞങ്ങൾ കാര്യമായി എടുക്കുന്നില്ല. മഹാകുംഭത്തിൽ കടന്നു കയറാൻ പന്നൂൻ ധൈര്യം കാണിച്ചാൽ അയാളെ അടിച്ചോടിക്കുമെന്ന് കൗൺസിൽ പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി പറഞ്ഞു. ഹിന്ദുക്കളേയും സിഖുകാരേയും ഭിന്നിപ്പിക്കാനുള്ള പന്നൂന്റെ ശ്രമങ്ങൾ വിലപ്പോവില്ല. നമ്മുടെ സനാതന പാരമ്പര്യത്തെ ജീവനോടെ നിലനിർത്തിയത് സിഖ് സമൂഹമാണെന്നും മഹന്ത് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.