മലപ്പുറം: യുഡിഎഫിലേക്ക് ചരട് വലിതുടർന്ന് പി.വി അൻവർ എംഎൽഎ. ആദ്യപടിയായി പാണക്കാടെത്തി മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. അൻവറിന്റെ യുഡിഎഫിലെടുക്കാൻ ലീഗ് സമ്മർദ്ദം ശക്തമാക്കുന്നതിനിടെയാണ് സന്ദർശനം.
അൻവറിന് യുഡിഎഫിലേക്ക് സ്വാഗതമെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം സാദിഖലി തങ്ങൾ പറഞ്ഞു. അൻവറിന്റെ നിലപാട് യുഡിഎഫുമായി ചേർന്ന് പോകുന്നതാണ്. ജയിക്കാൻ രാഷ്‌ട്രീയമായ എല്ലാ വഴികളും തേടുമെന്നും സാദിഖലി തങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. പാണക്കാട് എല്ലാരുടെയും അത്താണിയാണെന്ന് അൻവറും പ്രതികരിച്ചു.
പാണക്കാട് നിന്നും പി. കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്കാണ് അൻവർ പോയത്. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് അൻവറിനെ യുഡിഎഫ് പാളയത്തിലേക്ക് എത്തിക്കാൻ നീക്കം നടക്കുന്നത്. ഫോണിൽ ഇരുവരും ചർച്ച നടത്തുകയും ചെയ്തു. അൻവർ മുസ്ലീം ലീഗിലേക്കാണോ കോൺഗ്രസിലേക്കാണോ പോകുന്നതെന്ന് ചോദ്യം മാത്രമാണ് ബാക്കി നിൽക്കുന്നത്.
അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിലും പതിവ് പോലെ കോൺഗ്രസ് നേതാക്കൾ രണ്ട് തട്ടിലാണ്. വിഷയത്തിൽ കെ. സുധാകരനും രമേശ് ചെന്നിത്തലയും അനുകൂലമായാണ് പ്രതീകരിക്കുന്നത്. എന്നാൽ രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നാവശ്യപ്പെട്ട അൻവറിനെ എടുക്കരുതെന്ന നിലപാടാണ് വി. ഡി സതീശനുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയനുമായി യുദ്ധം പ്രഖ്യാപിച്ച് എൽഡിഎഫ് വിട്ട അൻവർ ഡിഎംകെ എന്ന് പേരിൽ രാഷ്‌ട്രീയ പാർട്ടി രൂപീകരിച്ചിരുന്നു. പിന്നാലെ നടത്തിയ പൊതുസമ്മേളനത്തിന് വൻ ജനക്കൂട്ടം എത്തിയെങ്കിലും പിന്നീട് കാര്യമായ ചലനമുണ്ടാക്കാൻ അൻവറിനായില്ല. തുടർന്ന് തമിഴ്നാട് ഡിഎംകെയുമായി ചർച്ച നടത്തിയെങ്കിലും അവരും അടുപ്പിച്ചില്ല. അടുത്തിടെ ബംഗാളിലെ തൃണമൂൽ നേതാക്കളെയും അൻവർ കണ്ടിരുന്നു. എന്നാൽ അവരിൽ നിന്നും അനുകൂല മറുപടി ലഭിച്ചില്ല.
രാഷ്‌ട്രീയ ഭാവി തുലാസിൽ നിൽക്കുന്നതിനിടെയാണ് നിലമ്പൂരിൽ വനവാസി യുവാവ് കാട്ടാനയുടെ ആക്രണത്തിൽ കൊല്ലപ്പെടുന്നതും തുടർന്നുള്ള അൻവറിന്റെയും കൂട്ടാളികളുടെയും ഫോറസ്റ്റ് ഓഫീസ് ആക്രമണവും. പിന്നാലെ അൻവറിനെ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തു. ഇതോടെ അൻവറിന് ‘പിണറായിസ്റ്റ് ഭീകരതയുടെ രക്തസാക്ഷി’ പരിവേഷം ലഭിച്ചു. ഇത് അവസരമാക്കി കളിക്കാനുള്ള പരമാവധി ശ്രമത്തിലാണ് എംഎൽഎ.