തിരുവനന്തപുരം: എല്ലാ മത്സരവേദികളിലും ഹരിഹർദാസിന് താളമിട്ട് കൊടുക്കാറുണ്ടായിരുന്നത് അച്ഛനായിരുന്നു. വേദിക്ക് സമീപം അല്ലെങ്കിൽ ആ പരിസരത്തെവിടെയെങ്കിലും അച്ഛൻ അവന്റെ കൺവെട്ടത്ത് ഉണ്ടാകുമായിരുന്നു. പക്ഷെ ഇത്തവണ വിധി എല്ലാം തകിടം മറിച്ചു. തിരുവനന്തപുരത്ത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വൃന്ദവാദ്യത്തിലും പുല്ലാങ്കുഴൽ മത്സരത്തിലും പങ്കെടുക്കാനുള്ള തയ്യാറെടുപ്പിന്റെ അവസാനഘട്ടത്തിലാണ് അവന്റെ കുടുംബത്തിലേക്ക് ആ വാർത്തയെത്തിയത്. വാഹനാപകടത്തിൽ അച്ഛന്റെ മരണം.
ശനിയാഴ്ച രാത്രിയാണ് കോട്ടയം കാണക്കാരിയിലുണ്ടായ വാഹനാപകടത്തിൽ ഹരിയുടെ അച്ഛൻ മരിച്ചത്. ഞായറാഴ്ച അച്ഛന്റെ ചിതയ്‌ക്ക് തീ കൊളുത്തിയതിന് പിന്നാലെ അവൻ തിരുവനന്തപുരത്തേക്ക് വണ്ടി കയറി. അച്ഛൻ ഒപ്പമില്ലെന്ന് വിശ്വസിക്കാനാവാത്തതിനാൽ അച്ഛന്റെ വാച്ചും മാലയും ഷർട്ടും ഷൂസുമൊക്കെ ഇട്ടു. സംഘത്തിലെ എല്ലാവരും വെള്ള നിറത്തിലുള്ള ഷർട്ട് അണിഞ്ഞപ്പോൾ ഹരിഹർദാസ് അച്ഛന്റെ പ്രിയപ്പെട്ട ഷർട്ടായിരുന്നു ഇട്ടത്.
അച്ഛന്റെ ഓർമ്മകൾ കൂട്ടായി ഉണ്ടായിരുന്നതുകൊണ്ട് വേദിയിൽ ഇത്തവണയും അവന് താളം തെറ്റിയില്ല. ഒടുവിൽ എ ഗ്രേഡുമായി മടക്കം. മത്സരത്തിന് പിന്നാലെ ഹരിഹർ ദാസിന്റെ വാക്കുകൾ ഇങ്ങനൊയായിരുന്നു. “അച്ഛനെയും കൂട്ടിക്കൊണ്ടാണ് ഞാൻ വന്നത്…. എല്ലാ മത്സരങ്ങളിലും അച്ഛനായിരുന്നു എനിക്ക് താളമിട്ട് തന്നിരുന്നത്. ഇത് എന്റെ അച്ഛന്റെ ഷർട്ട്, അച്ഛന്റെ വാച്ച്, അച്ഛന്റെ ഷൂസ്, അച്ഛന്റെ മാല…. അച്ഛൻ എല്ലാം എന്നെ ഏൽപിച്ചു പോയി… എല്ലാം ഞാൻ നിറവേറ്റും… അച്ഛൻ തന്നെയാണ് എന്റെ ബലം” അവൻ പറഞ്ഞു.
കോട്ടയം സ്റ്റാർ വോയ്‌സിലെ ഗായകനായിരുന്ന അയ്യപ്പദാസിന്റെ മകനാണ് ഹരി. മകൻ കലാകാരനാകണമെന്ന് സ്വപ്നം കണ്ട അച്ഛൻ അവന് എല്ലാ പിന്തുണയുമായി എന്നും ഒപ്പമുണ്ടായിരുന്നു. വൃന്ദവാദ്യത്തിൽ കൂട്ടുകാർക്കൊപ്പം പങ്കെടുത്ത ശേഷം ഓടക്കുഴൽ വിഭാഗത്തിലെ മത്സരം ഉപേക്ഷിച്ച് ഹരിഹർദാസ് വീട്ടിലേക്ക് പോയി. ഓടക്കുഴലിൽ തുടർച്ചയായ മൂന്നാം വിജയമെന്ന അച്ഛന്റെ ആഗ്രഹം കൂടിയാണ് പൊലിഞ്ഞത്.
എൻ.എസ്.എസ്. ളാക്കാട്ടൂർ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ഹരിഹർദാസ്. മത്സരത്തിന് പിന്നാലെ പുറത്തിറങ്ങിയപ്പോൾ ആശ്വസിപ്പിക്കാൻ അദ്ധ്യാപകരും കൂട്ടുകാരും കൂടി. സ്ഥലത്തുണ്ടായിരുന്ന മന്ത്രി വീണ ജോർജ്ജും ഹരി ഹർ ദാസിനെ കണ്ട് ആശ്വസിപ്പിച്ചാണ് മടക്കി അയച്ചത്.