ന്യൂഡൽഹി: സർവ്വകലാശാല വൈസ് ചാൻസലർ നിയമനത്തിൽ പുതിയ വ്യവസ്ഥകളുമായി യുജിസി. പരിഷ്കരിച്ച കരട് ചട്ടങ്ങൾ യുജിസി പുറത്തിറക്കി. പുതിയ ചട്ടപ്രകാരം സർവ്വകലാശാലയിലെ വൈസ് ചാൻസലർമാരുടെ നിയമനത്തിനുള്ള പൂർണ്ണ അധികാരം ഗവർണർക്കാണ്. കേന്ദ്ര-സംസ്ഥാന സർവ്വകലാശാലകൾക്ക് നിയമം ബാധകമാണ്. ചട്ടങ്ങൾക്ക് വിരുദ്ധമായി നടത്തുന്ന നിയമനങ്ങൾ അസാധുവാകും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനാണ് കരട് ചട്ടം പുറത്തിറക്കിയത്. ഇതുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിക്കുന്നതായി കേന്ദ്രമന്ത്രി വ്യക്തമാക്കി.
വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി അദ്ധ്യക്ഷനെ ചാന്‍സലറായ ഗവര്‍ണര്‍ നിര്‍ദേശിക്കും. രണ്ടാമത്തെ അംഗത്തെ യുജിസി. ചെയര്‍മാൻ നാമനിര്‍ദ്ദേശം ചെയ്യും. മൂന്നാമത്തെ അംഗത്തെ സിന്‍ഡിക്കേറ്റ്, സെനറ്റ്, എക്‌സിക്യുട്ടീവ് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് മാനേജ്മെന്റ് എന്നിവയ്‌ക്ക് നിർദ്ദേശിക്കാം. സേര്‍ച്ച് കമ്മിറ്റിക്ക് അഞ്ച് പേരുകൾ നിർദ്ദേശിക്കാമെങ്കിലും അന്തിമ തീരുമാനം ഗവർണറുടേതായിരിക്കും. 70 വയസ്സ് തികയുന്നത് വരെ അല്ലെങ്കിൽ അഞ്ച് വർഷത്തേക്കാണ് നിയമനം. പുനർ നിയമനത്തിനുള്ള അധികാരവും ഗവർണർക്കുണ്ട്.
കേരളമടക്കമുള്ള പല സംസ്ഥാനങ്ങളും വൈസ് ചാൻസലർ സ്ഥാനം രാഷ്‌ട്രീയ വിതം വെപ്പാക്കി മാറ്റുന്നതിനിടെയാണ് കരട് ചട്ടം. പിണറായി വിജയൻ സർക്കാരും മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള ഏറ്റമുട്ടൽ ആരംഭിച്ചത് വിസി നിയമനവുമായി ബന്ധപ്പെട്ടാണ്. മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ നിയമനങ്ങൾക്കെതിരെ ഗവർണർ രംഗത്തെ വന്നത് സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു മാറ്റിയും സേർച്ച് കമ്മിറ്റിയംഗങ്ങളുടെ എണ്ണം അഞ്ചാക്കിയും സംസ്ഥാന നിയമനിര്‍മാണത്തിനൊരുങ്ങി. എന്നാൽ ഇതിന് രാഷ്‌ട്രപതി അനുമതി നൽകിയില്ല. പിന്നാലെ സംസ്ഥാന സർക്കാരിന്റെ പല നിയമനങ്ങളും കോടതി കയറുകയും ചെയ്തു.