ന്യൂഡൽഹി: മലയാളിയായ ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു. നിലവിൽ ബിഹാർ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് അദ്ദേഹം.
കേരളത്തിൽനിന്നും സുപ്രീംകോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചിരുന്ന സി ടി രവികുമാർ വിരമിച്ച ഒഴിവിലേക്കാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ ശുപാർശ ചെയ്തിരിക്കുന്നത്. ഈ മാസം അഞ്ചാം തീയതിയാണ് രവികുമാർ വിരമിച്ചത്. സി ടി രവികുമാർ വിരമിച്ച ശേഷം സുപ്രീംകോടതിയിൽ കേരള ഹൈക്കോടതിയെ പ്രതിനിധീകരിച്ച് ന്യായാധിപൻ ഇല്ലാത്തത് പരിഗണിച്ചാണ് കോളീജിയത്തിന്റെ തീരുമാനം.
ന്യായാധിപനായിരിക്കെ നിയമത്തിന്റെ വിവിധ മേഖലകളിൽ ജസ്റ്റിസ് വിനോദ് ചന്ദ്രൻ നേടിയ പ്രാവീണ്യവും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയം കണക്കിലെടുത്തു. 2011 നവംബറിൽ അദ്ദേഹത്തെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിച്ചിരുന്നു. 2023 മാർച്ചിൽ ബിഹാർ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടു. 11 വർഷക്കാലത്തോളം ന്യായാധിപനായി സേവനമനുഷ്ഠിച്ച പരിചയസമ്പത്തും കൊളീജിയം പരിഗണിച്ചു.