ബംഗളൂരു: വയനാട് സ്വദേശി ജിഷയടക്കമുള്ള മാവോയിസ്റ്റ് ഭീകരർ ഇന്ന് ആയുധം വെച്ച് കീഴടങ്ങും. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ആറ് പേർ ഇന്ന് ഉച്ചയോടെ ചിക്കമംഗളൂർ കളക്ടർക്ക് മുന്നിൽ കീഴടങ്ങുമെന്നാണ് റിപ്പോർട്ട്.
ഉഡുപ്പിയിൽ കൊല്ലപ്പെട്ട വിക്രം ഗൗഡയ്‌ക്ക് ഒപ്പമുണ്ടായിരുന്ന മുണ്ട്‌ഗാരു ലതയും കീഴടങ്ങുന്നവരുടെ കൂട്ടത്തിലുണ്ട്. ഏറ്റുമുട്ടലിൽ ലതയ്‌ക്കും പരിക്കേറ്റിരുന്നു. ഇവർക്കെതിരെ 85 കേസുകൾ നിലവിലുണ്ട്. സിറ്റിസൺ ഇൻഷ്യേറ്റീവ് ഫോർ പീസ് എന്ന സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ മദ്ധ്യസ്ഥത ചർച്ചകൾ നടത്തിയത്.
സുന്ദരി കട്ടാരുലു ബെൽത്തങ്കടി , വനജാക്ഷി മുദിഗെരെ, മാരെപ്പ അരോട്ടി എന്ന ജയണ്ണ റായ്ചൂർ, കെ വസന്ത് റാണിപ്പേട്ട് എന്നിവരാണ് കീഴടങ്ങുന്ന മറ്റുളളവർ എന്നാണ് വിവരം. സുന്ദരിക്കെതിരെ 71 കേസുകൾ നിലവിലുണ്ട്. ഇവരുടെ പേരിലുള്ള കേസുകൾ പിൻവലിക്കില്ലെന്നാണ് സൂചന. വിക്രം ഗൗഡ കൊല്ലപ്പെട്ടതൊടെയാണ് ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കബനി ദളത്തിന്റെ പ്രവർത്തനം ക്ഷീണിച്ചത്.
നാല് ദിവസം മുമ്പാണ് കീഴടങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചു കൊണ്ടുള്ള മാവോയിസ്റ്റുകളുടെ കത്ത് ലഭിച്ചതെന്ന് എഴുത്തുകാരൻ ബഞ്ചഗെരെ ജയപ്രകാശ് പറഞ്ഞു. നക്സൽ പുനരധിവാസ സമിതി അംഗമാണ് ബഞ്ചഗെരെ ജയപ്രകാശ്. കത്തിൽ ആയുധം വെച്ച് കീഴടങ്ങൽ എന്ന വാക്ക് ആവർത്തിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.