പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാൻ വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് സേവാഭാരതിയുടെ കൈത്താങ്ങ്. അട്ടപ്പാടി ഷോളയൂര്‍ ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് സേവാഭാരതി പാലക്കാട് ജില്ലാ സമിതി സഹായത്തിനെത്തിയത്.
കലോത്സവത്തിൽ ആദ്യമായി ഉൾപ്പെടുത്തിയ ഗോത്രകലയായ ഇരുള നൃത്തത്തിലാണ് അട്ടപ്പാടിയിലെ കുട്ടികൾ മാറ്റുരച്ചത്. രക്ഷിതാക്കളും അഭ്യുദയകാംക്ഷികളും നൽകിയ സഹായം കൊണ്ട് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും വസ്ത്രമടക്കം മറ്റു ചെലവുകൾക്ക് പണം തികഞ്ഞില്ല. കഴിഞ്ഞ ദിവസം ജന്മഭൂമിയിൽ ഇത് വാർത്തയായി. പിന്നാലെയാണ് സേവാഭാരതിയുടെ ഇടപെടലുണ്ടായത്. ഒലവക്കോട് റെയില്‍വെ സ്റ്റേഷനിലെത്തിയാണ് സേവാഭാരതി പാലക്കാട് യൂണിറ്റ് സെക്രട്ടറി സി. അജിത്കുമാര്‍ സഹായം കൈമാറിയത്.
സ്‌കൂളിലെ അദ്ധ്യാപക ദമ്പതികളായ വി.കെ. രംഗസ്വാമിയുടെയും മല്ലികയുമാണ് കുട്ടികളെ പരിശീലിപ്പിച്ചത്. 24 കുട്ടികളാണ് ഇരുള നൃത്തത്തില്‍ മത്സരിച്ചത്. മത്സരിക്കുന്നവരും പരിശീലിപ്പിച്ചവരും അടക്കം സംഘത്തിലുള്ളവരെല്ലാം ഇരുള വിഭാഗത്തിൽപ്പെട്ടവരാണ്. ഊരിൽ കളിച്ചു വളര്‍ന്ന തനത് കലയിൽ മിടുക്കർ എ ഗ്രേഡ് സ്വന്തമാക്കുകയും ചെയ്തു.