കൊച്ചി: സംസ്ഥാനത്തെ അൽ മുക്താദിർ ജ്വല്ലറി ശാഖകളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. ഉപഭോക്താക്കളിൽ നിന്നും മുൻകൂർ പണം സ്വീകരിച്ചുള്ള സ്വർണ ഇടപാടുകളെകുറിച്ചാണ് പരിശോധന. വളരെവേഗം വേരുറപ്പിച്ച് വിപുലമായി മാറിയ ജ്വല്ലറി ശൃഖലയായിരുന്നു അൽ മുക്താദിർ.
കഴിഞ്ഞ മാസങ്ങളിൽ അൽ മുക്താദിർ ജ്വല്ലറി ശാഖകളുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങളും പരാതികളും ഉയർന്നിരുന്നു. മുൻകൂറായി പണം വാങ്ങിയിട്ടും സ്വർണം നൽകിയില്ല എന്നതടക്കമുള്ള പരാതികൾ ഉപഭോക്താക്കൾ ജ്വല്ലറിക്കെതിരെ ഉന്നയിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ ജ്വല്ലറിയുടെ സാമ്പത്തിക ഇടപാടുകൾ കണ്ടെത്താനുള്ള പ്രാഥമിക പരിശോധനയാണ് ആദായനികുതിവകുപ്പ് നടത്തുന്നത്.
ജ്വല്ലറി വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. എന്നാൽ ഇത് നിഷേധിച്ചുകൊണ്ട് ജ്വല്ലറിയുടെ ഉടമ രംഗത്തുവരികയും റിപ്പോർട്ടുകൾ മറ്റ് ജ്വല്ലറികളുടെ വ്യാജ പ്രചാരണമെന്നും ആരോപിച്ചിരുന്നു. സ്വർണം നൽകാമെന്ന പേരിൽ ഇവർ വൻതോതിൽ പണം നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നത് ആദ്യനികുതിവകുപ്പിന് ലഭിച്ച വിവരം. നിലവിൽ ജ്വല്ലറിയുടെ എല്ലാ ശാഖകളിലും ഉദ്യോഗസ്ഥരുടെ പരിശോധന നടക്കുകയാണ്.















