ന്യൂഡൽഹി: നിർമിതബുദ്ധിയെക്കുറിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാനൊരുങ്ങി മൈക്രോസോഫ്റ്റ്. ഇന്ത്യ AI ഇനീഷിയേറ്റീവ് എന്ന പദ്ധതിക്ക് കീഴിൽ കേന്ദ്രസർക്കാരുമായി സഹകരിച്ച് രാജ്യത്ത് AI സെൻ്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കാനാണ് മൈക്രോസോഫ്റ്റിന്റെ തീരുമാനം. ഇതുവഴി 5 ലക്ഷം ഇന്ത്യക്കാർക്ക് പരിശീലനം നൽകുമെന്ന് സോഫ്റ്റ്വെയർ കമ്പനി അറിയിച്ചു.
വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ഡെവലപ്പർമാർ, സർക്കാർ ഉദ്യോഗസ്ഥർ, വനിതാ സംരംഭകർ എന്നിങ്ങനെയുള്ളവർക്കാണ് പരിശീലനം നൽകുക. നിർമിതബുദ്ധിയുടെ വിവിധ ടൂളുകൾ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് മൈക്രോസോഫ്റ്റ് പഠിപ്പിക്കും. ഇതിനായി കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയവുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചതായും മൈക്രോസോഫ്റ്റ് അറിയിച്ചു.
AI ലേണിംഗ് കോഴ്‌സുകൾ നൽകുന്നതിനായി ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലുള്ള 20 നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (NSTIs)/NIELIT AI പ്രൊഡക്ടിവിറ്റി ലാബുകളും മൈക്രോസോഫ്റ്റ് സ്ഥാപിക്കും. Microsoft സിഇഒ സത്യ നാദെല്ലയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഡൽഹിയിൽ ബുധനാഴ്ച നടന്ന മൈക്രോസോഫ്റ്റ് AI ടൂറിന് ശേഷമായിരുന്നു പ്രഖ്യാപനം. മൈക്രോസോഫ്റ്റിന്റെ മൂന്ന് സെൻട്രൽ AI പ്ലാറ്റ്‌ഫോമുകളെക്കുറിച്ചുള്ള (Copilot, Copilot & AI stack, Copilot Devices) വിവരങ്ങളും ഇന്ത്യയിലെ വ്യവസായങ്ങൾക്ക് AI പ്ലാറ്റ്ഫോമുകൾ എന്താണ് നൽകുന്നതെന്ന കാര്യങ്ങളും പദ്ധതിയുടെ ഭാഗമായി വിശദീകരിക്കുമെന്ന് കമ്പനി അറിയിച്ചു.
ഇന്ത്യയിൽ ക്ലൗഡ് കമ്പ്യൂട്ടിംഗ്, AI എന്നീ മേഖലകളുടെ വികസനത്തിനായി 3 ബില്യൺ ഡോളർ (25,000 കോടി) നിക്ഷേപിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് മൈക്രോസോഫ്റ്റിന്റെ പുതിയ തീരുമാനം. വരുന്ന അഞ്ച് വർഷത്തിനകം രാജ്യത്ത് ഒരു കോടിയാളുകൾക്ക് AI പരിശീലനം നൽകുമെന്നും സത്യ നാദെല്ല പ്രഖ്യാപിച്ചിരുന്നു.















