അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് രണ്ട് ലക്ഷം കോടിയുടെ വികസനപദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതികളുടെ ഉദ്‌ഘാടനത്തിന് മുൻപ് നഗരത്തിൽ പ്രധാനമന്ത്രി പങ്കെടുത്ത മെഗാ റോഡ്‌ഷോയും നടന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവും ഉപമുഖ്യമന്ത്രി കെ പവൻ കല്യാണും പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തു. തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷം മോദിയുടെ ആദ്യ ആന്ധ്രാപ്രദേശ് സന്ദർശനമാണിത്.
സിരിപുരം ജംഗ്ഷനിൽ നിന്നും ആന്ധ്രാ സർവകലാശാലയുടെ എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ട് വരെയായിരുന്നു റോഡ് ഷോ. ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്ത പ്രധാനമന്ത്രിയെ ആളുകൾ പൂക്കൾ വിതറി വരവേറ്റു. ടിഡിപി, ബിജെപി, ജനസേന പാർട്ടി പതാകകളാൽ അലംകൃതമായ നഗരവീഥിയിലൂടെയാണ് പ്രധാനമന്ത്രിയുടെ റോഡ്ഷോ കടന്നുപോയത്.
ആന്ധ്രാ യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ നടന്ന പൊതുയോഗത്തിൽ 50,000-ത്തോളം പേർ പങ്കെടുത്തു. ആന്ധ്രാപ്രദേശ് സാധ്യതകളുടെയും അവസരങ്ങളുടെയും സംസ്ഥാനമാണെന്നും പുതിയ സാങ്കേതികവിദ്യകളുടെ കേന്ദ്രമായി ആന്ധ്ര മാറേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ചടങ്ങിൽ, വിശാഖപട്ടണം ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത് കോസ്റ്റ് റെയിൽവേ സോണിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. അനകപ്പള്ളി ജില്ലയിലെ പുടിമടകയിൽ ഒരു സംയോജിത ഗ്രീൻ ഹൈഡ്രജൻ ഹബ്, കൃഷ്ണപട്ടണത്ത് 1,518 കോടി രൂപയുടെ വ്യവസായ കേന്ദ്രം, അനകപ്പള്ളി ജില്ലയിലെ നാക്കപള്ളിയിൽ 1,877 കോടി രൂപയുടെ ബൾക്ക് ഡ്രഗ് നിർമാണ പാർക്ക് എന്നിങ്ങനെ നിരവധി വികസന പദ്ധതികൾക്ക് മോദി തുടക്കം കുറിച്ചു.