ന്യൂഡൽഹി: പ്രതിരോധ രംഗത്ത് മാലദ്വീപിന് ഇന്ത്യൻ സഹായം. മാലദ്വീപിന്റെ അഭ്യർത്ഥന പ്രകാരം പ്രതിരോധ സമാഗ്രികൾ കൈമാറിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. 35 കോടി രൂപ വിലവരുന്ന യൂട്ടിലിറ്റി വാഹനങ്ങളും ബെർത്തിംഗ് ഉപകരണങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
മാലദ്വീപ് പ്രതിരോധമന്ത്രി മുഹമ്മദ് ഗസാൻ മൗമുദും രാജ്നാഥ് സിംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണം ശക്തിപ്പെടുത്താൻ ധാരണയായത്. ഈ വർഷം അവസാനിക്കുന്ന വ്യോമയാന സംവിധാനങ്ങളുടെ വാടക കാലാവധി നീട്ടുന്നതിനെ കുറിച്ചും ഇരുകക്ഷികളും ചർച്ച നടത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സമുദ്ര സുരക്ഷയും ചർച്ച വിഷയമായിരുന്നു.
സാമ്പത്തികരംഗത്തും സമുദ്ര സുരക്ഷയിലും സമഗ്രമായ പങ്കാളിത്തത്തിലേർപ്പെടാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. ചൈനീസ് അനുകൂലിയായ മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ചുമതലയേറ്റ ശേഷം ആദ്യമായാണ് പ്രതിരോധ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. ഇന്ത്യൻ സൈനികരെ പിൻവലിച്ചശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ് നടന്നത്.
കഴിഞ്ഞ വർഷം പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് നടത്തിയ പരാമർശങ്ങൾ ഉഭയകക്ഷി ബന്ധം ഉലയാൻ കാരണമായിരുന്നു. ചൈനീസ് അനുകൂല നിലപാടുകൾ സ്വീകരിച്ച മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ചുമതലയേറ്റ ശേഷം ആദ്യമായാണ് പ്രതിരോധമന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്.