ആസിഫ് അലിയും അനശ്വര രാജനും പ്രധാന വേഷത്തിലെത്തിയ, രേഖാചിത്രത്തിന് പ്രേക്ഷകർക്കിടയിൽ വൻസ്വീകാര്യത. 2025-ലെ ആസിഫ് അലിയുടെ ഉഗ്രൻ തുടക്കമെന്നാണ് പ്രേക്ഷകർ പറയുന്നത്. അനശ്വര രാജൻ, സിദ്ദിഖ്, മനോജ് കെ ജയൻ എന്നിവരുടെ പ്രകടനത്തെ കുറിച്ചും എടുത്തുപറയുകയാണ് പ്രേക്ഷകർ. ജോഫിൻ ടി ചാക്കോയാണ് രേഖാചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
“വ്യത്യസ്തായ പൊലീസ് വേഷത്തിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. ഒട്ടും ബോറടിക്കാതെ ചിത്രം ആസ്വദിക്കാനാവും. അനശ്വര രാജന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. അടുത്തിടെ പുറത്തിറങ്ങാത്ത ക്രൈം ത്രില്ലർ സിനിമയാണിത്.
എല്ലാ കഥാപാത്രങ്ങളുടെയും പ്രകടനം വളരെ മനോഹരമായിരുന്നു. ക്ലാസിക് ചിത്രമാണ്. ഒരു ലാഗും ഇല്ലാത്ത സൂപ്പർ ഹിറ്റ് സിനിമയായി ചിത്രം മാറും. 80-കളിൽ നിർമിക്കുന്ന സിനിമകളെ പോലെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മേക്കിംഗും കഥയും ഏറെ മനോഹരമാണ്. മുഴുനീള സസ്പെൻസ് ത്രില്ലർ ചിത്രമാണ്. കാതോട് കാതോരം സിനിമയുമായി ബന്ധപ്പെടുത്തിയാണ് രേഖാചിത്രം നിർമിച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് ഒരുപാടിഷ്ടമാവുന്ന പ്രമേയമാണ് ചിത്രത്തിന്റേത്.
‘നല്ല പടം’ എന്നാണ് ബഹുഭൂരിപക്ഷം പ്രേക്ഷകരും പറയുന്നത്. പൊലീസ് വേഷത്തിലെത്തി, ആസിഫ് വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു. ആസിഫിന്റെ മറ്റൊരു ഹിറ്റായിരിക്കും രേഖാചിത്രമെന്ന കാര്യത്തിൽ സംശയമില്ല. സമകാലിക വിഷയങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. 2025-ലെ ആസിഫിന്റെ ഗംഭീര തുടക്കമായിരിക്കും ഈ ചിത്രം”എന്നും പ്രേക്ഷകർ പറയുന്നു.
സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകളുടെ ജീവിതത്തെ കുറിച്ചും അവർ നേരിടുന്ന പ്രശ്നങ്ങളെയും കുറിച്ചാണ് രേഖാചിത്രം പറയുന്നത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയായാണ് ചിത്രം മുന്നോട്ടുപോകുന്നത്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മമ്മൂട്ടിയെയും നെടുമുടി വേണുവിനെയും ചിത്രത്തിൽ ഉൾപ്പെടുത്തിട്ടുണ്ട്.















