ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ഇൻഡി മുന്നണിയിൽ ഭിന്നത രൂക്ഷം. പ്രതിപക്ഷ സഖ്യത്തിന് ഇപ്പോഴും അജണ്ടയെ കുറിച്ച് വ്യക്തതയില്ലെന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിമർശിച്ചു. കഴിഞ്ഞ പാർലമെന്റെ് തെരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ട് രൂപീകരിച്ചതാണെങ്കിൽ സഖ്യം പിരിച്ചവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അത്തരം ഒരു സഖ്യം ഇപ്പോൾ നിലവിലുണ്ടോയെന്ന സംശയവും ഒമർ അബ്ദുള്ള പ്രകടിപ്പിച്ചു.
ഇൻഡി മുന്നണിയുടെ ഭാഗമായ എഎപിയും കോൺഗ്രസും ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പരസ്പരം ഏറ്റുമുട്ടുകയാണ്. ലോക്സഭയിൽ ഒന്നിച്ചു നിന്നവർ നിയമസഭയിൽ എത്തുമ്പോൾ പരസ്പരം കുറ്റപ്പെടുത്തുന്ന കാഴ്ചയ്‌ക്കാണ് തലസ്ഥാന ജനത സാക്ഷ്യം വഹിക്കുന്നത്. അരവിന്ദ് കെജ്‌രിവാളിന്റെ അഴിമതി നിറഞ്ഞ ഭരണമാണ് കോൺഗ്രസിന്റെ പ്രധാന പ്രചാരണ വിഷയം.
ഇൻഡി മുന്നണിയിലെ നേതാക്കൾക്ക് ശ്രദ്ധ വ്യക്തിപരമായ നേട്ടത്തിലാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് ഷെഹ്‌സാദ് പൂനവല്ല പരിഹസിച്ചു. ഇൻഡി സഖ്യത്തിന് ദൗത്യമില്ല, കാഴ്ചപ്പാടില്ല, വ്യക്തിപരമായ ആഗ്രഹങ്ങളും ആശയക്കുഴപ്പങ്ങളും മാത്രമേയുള്ളൂ. ഡൽഹിയിൽ സമാജ്‌വാദിപാർട്ടിയും ടിഎംസിയും കോൺഗ്രസിനോട് സഹകരിക്കുന്നില്ല. കോൺഗ്രസ് നേതാക്കളെ ഇൻഡി സഖ്യകക്ഷിക്ക് വിശ്വസിവുമില്ല. കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചൗഹാൻ പോലും സ്വന്തം പാർട്ടിയിൽ അവിശ്വാസം പ്രകടിപ്പിക്കുകയാണെന്നും ഷെഹ്സാദ് ഷെഹ്‌സാദ് പൂനവല്ല ചൂണ്ടിക്കാട്ടി.
ഇൻഡി മുന്നണിയിലെ പോര് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ദിവസങ്ങൾക്ക് മുമ്പ് തന്നെ ബിജെപി പ്രഖ്യാപിക്കുകയും പ്രചാരണത്തിൽ സജീവമാക്കുകയും ചെയ്തു. എന്നാൽ പ്രധാന എതിരാളികളായ എഎപിയും കോൺഗ്രസും ഇപ്പോഴും പ്രചരണ വിഷയത്തിലടക്കം ആശയക്കുഴപ്പത്തിലാണ്.
മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പോടെയാണ് ഇൻഡി മുന്നണിയിൽ ചേരിതിരിവ് കൂടുതൽ രൂക്ഷമായത്. രാഹുലിന്റേയോ കോൺഗ്രസിന്റെയോ നേതൃത്വം അംഗീകരിക്കാൻ മറ്റ് കക്ഷികൾ തയ്യാറല്ല. അതിനിടെ മമത ബാനർജി നേതൃത്വം ഏറ്റെടുക്കാനുള്ള താൽപ്പര്യം പ്രകടിപ്പിച്ച് എത്തുകയും ഇതിനെ നിരവധി പേർ പന്തുണയ്‌ക്കുകയും ചെയ്തു.















