എറണാകുളം: പെരിയകൊലപാതക കേസിൽ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച പ്രതികളെ മാലയിട്ട് സ്വീകരിച്ചതിൽ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാലയിട്ട് സ്വീകരിക്കുന്നതിൽ എന്താണ് തെറ്റെന്നും ഇതൊരു ശരിയായ നടപടിയാണെന്നമായിരുന്നു എം വി ഗോവിന്ദന്റെ വാദം. വിഷയത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.
‘മാലയിട്ട് സ്വീകരിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പം. പാർട്ടിയുടെ ഭാഗമായി നിൽക്കുന്നവരെ കള്ളക്കേസിൽ ഉൾപ്പെടുത്തി, അവരെ കോടതി മോചിപിച്ചപ്പോഴാണ് മാലയിട്ട് സ്വീകരിച്ചത്. കോടതി അവർ കുറ്റക്കാരല്ലെന്ന് കണ്ടെത്തി. അവരെ പിന്നെ എങ്ങനെയാണ് സ്വീകരിക്കേണ്ടത്. ശരിയായ സന്ദേശമാണിതെന്നും’ എം വി ഗോവിന്ദൻ പറഞ്ഞു.
പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളായിരുന്ന ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളായ പ്രതികളെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് പുറത്ത് സിപിഎം നേതൃത്വം മാലയിട്ട് സ്വീകരിച്ചത്. കണ്ണൂർ-കാസർകോട് സിപിഎം ജില്ലാ സെക്രട്ടറിമാരുൾപ്പെടെയുള്ള മുതിർന്ന നേതാക്കളും ജയിലിന് പുറത്ത് എത്തിയിരുന്നു. ജയിലിന് പുറത്തെത്തിയ നേതാക്കളെ രക്തഹാരം അണിയിച്ചാണ് സിപിഎം നേതൃത്വം സ്വീകരിച്ചത്.















