എറണാകുളം: തിരുവനന്തപുരം, വഞ്ചിയൂർ റോഡ് അടച്ച് പാർട്ടി സമ്മേളനം നടത്തിയ സംഭവത്തിൽ സിപിഎമ്മിന് തിരിച്ചടി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. ഗോവിന്ദന് പുറമേ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയ നേതാക്കളാേടും ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചു.
പൊതുഗതാഗതം തടസപ്പെടുത്തി, രാഷ്‌ട്രീയ പാർട്ടികൾ സമ്മേളനങ്ങളും മറ്റ് പാർട്ടി പരിപാടികളും നടത്തുന്ന വിവിധ സംഭവങ്ങൾ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദേശം. കൊച്ചി കോർപ്പറേഷന് മുന്നിൽ നടത്തിയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാക്കളോടും കോടതിയിൽ ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എറണാകുളം എംഎൽഎ ടി ജെ വിനോദ് എന്നിവർക്കാണ് നിർദേശം നൽകിയത്.
ജോയിന്റ് കൗൺസിൽ സെക്രട്ടറിയേറ്റിൽ നടത്തിയ പരിപാടിയുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി. സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രൻ, വി പ്രശാന്ത്, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ എന്നിവർക്കും ഹാജരാകാൻ നോട്ടീസ് നൽകും.















