ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ മൂന്ന് ഹിന്ദുക്കളെ തട്ടിക്കൊണ്ടുപോയി അക്രമികൾ. പൊലീസിന്റെ കസ്റ്റഡിയിലുള്ള കൂട്ടാളികളുടെ മോചനത്തിനുവേണ്ടിയാണ് ആയുധധാരികളായ സംഘം ഹിന്ദുക്കളെ തട്ടിക്കൊണ്ടുപോയത്. ലാഹോറിൽ നിന്ന് 400 മീറ്റർ അകലെയുള്ള റഹിം യാർ ഖാൻ ജില്ലയിലാണ് സംഭവം.
ഷമൻ, ഷമീർ, സാജൻ എന്നിവരെയാണ് ചൗക്ക് സാവെത്ര ബേസിക്ക് ഹെൽത്ത് യൂണിറ്റിന് സമീപത്തുനിന്നും അഞ്ചംഗ സംഘം തോക്കുചൂണ്ടി തട്ടികൊടുപോയത്. ക്രിമിനൽ പ്രവർത്തനങ്ങൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച കച്ചയിലേക്കാണ് ഇവരെ കൊണ്ടുപോയതെന്നാണ് വിവരം.
പിന്നാലെ കൂട്ടാളികളെ മോചിപ്പിക്കണമെന്ന ഭീഷണി സന്ദേശമടങ്ങിയ വീഡിയോയും പുറത്തുവന്നു. അക്രമിസംഘത്തിന്റെ തലവൻ ആഷിഖ് കൊറായ് പുറത്തുവിട്ട വീഡിയോയിൽ, അഹമ്മദ്പൂർ ലാമ പൊലീസ് സ്റ്റേഷൻ ഓഫീസർ റാണാ റംസാനെ സംഘം ഭീഷണിപ്പെടുത്തി. ആഷിഖിന്റെ ജയിലിലുള്ള 10 കൂട്ടാളികളെ മോചിപ്പിച്ചില്ലെങ്കിൽ തട്ടികൊണ്ടുപോയ യുവാക്കളെ കൊല്ലുമെന്നും പൊലീസിനെ അക്രമിക്കുമെന്നും സംഘം മുന്നറിയിപ്പ് നൽകി.















