സൈബർ ഇടങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുന്നവർക്ക് മുന്നറിയിപ്പുമായി സംഗീത സംവിധായകൻ ഗോപി സുന്ദർ. നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പോസ്റ്റുമായി ഗോപി സുന്ദർ രംഗത്തെത്തിയത്. സോഷ്യൽമീഡിയയിലൂടെയുള്ള വ്യക്തിപരമായ ആക്രമണങ്ങൾക്ക് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഗോപി സുന്ദർ ഫെയ്സ്ബുക്കിൽ കുറിച്ചു.
“സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ അല്ലെങ്കിൽ അപകീർത്തിപ്പെടുത്തൽ എന്നിങ്ങനെയുള്ളവ വലിയ കുറ്റകൃത്യങ്ങളായി മാറും. ഓഫ് ലൈനിലും ഓൺലൈനിലും സ്വന്തം അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ചിന്തിക്കണം. ആളുകളോട് ദയയോടും ബഹുമാനത്തോടും പെരുമാറണം. ഇത് ചെയ്യേണ്ടത് എപ്പോഴും പ്രധാനമാണ്. ഒരു പണി വരുന്നുണ്ടവറാച്ചാ” എന്നാണ് ഗോപി സുന്ദർ ഫെയ്സ്ബുക്കിൽ കുറിച്ചത്.
സമൂഹമാദ്ധ്യമ ഇടങ്ങളിൽ വൻ തോതിൽ സൈബറാക്രമണങ്ങൾ നേരിടുന്ന വ്യക്തിയാണ് ഗോപി സുന്ദർ. ഇതിനെതിരെ ഗോപി സുന്ദർ പലതവണ പരസ്യമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. പോസ്റ്റുകൾക്കും ചിത്രങ്ങൾക്കും താഴെ വരുന്ന കമന്റുകൾക്ക് ചുട്ടമറുപടിയും ഗോപി സുന്ദർ നൽകാറുണ്ട്.