അഹമ്മദാബാദ്: സോഷ്യൽമീഡിയയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്താൻ നടപടികൾ കൈക്കൊള്ളുമെന്ന സൂചന നൽകി ഗുജറാത്ത് സർക്കാർ. സമൂഹമാദ്ധ്യമങ്ങളിലെ മോശം പ്രതിഫലനങ്ങളിൽ നിന്ന് അദ്ധ്യാപകരെയും മാതാപിതാക്കളെയും വിദ്യാർത്ഥികളെയും അകറ്റി നിർത്താനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചേക്കും. കുട്ടികളിൽ സോഷ്യമീഡിയയും സ്മാർട്ട്ഫോണും ചെലുത്തുന്ന സ്വാധീനത്തിൽ ആശങ്കയുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പ്രഫുൽ പെൻഷെരിയ ചൂണ്ടിക്കാട്ടി.
സോഷ്യൽമീഡിയയും സ്മാർട്ട്ഫോണും അമിതമായി ഉപയോഗിക്കുന്ന കുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യം ക്ഷയിക്കുകയാണ്. സോഷ്യൽമീഡിയ ഉപഭോഗം കുറച്ച് കായിക ഇനങ്ങളിൽ കുട്ടികളുടെ ശ്രദ്ധ കൂടുതൽ എത്തിക്കുന്നതിന് വേണ്ടിയുള്ള നടപടികളാകും കൈക്കൊള്ളുകയെന്നും ഗുജറാത്ത് സർക്കാർ അറിയിച്ചു.
ക്ലാസ് റൂമുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പൂർണമായി വിലക്കും. അദ്ധ്യാപകരും ഫോൺ ഉപയോഗിക്കരുത്. പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ ക്ലാസിലേക്ക് വരുമ്പോൾ ഫോൺ കൊണ്ടുവരുന്നില്ലെന്ന് ഉറപ്പുവരുത്തണം തുടങ്ങിയ നിർദേശങ്ങൾ സ്കൂളുകൾക്ക് നൽകും. കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുകയും കായികമത്സരങ്ങളോടുള്ള താത്പര്യം വളർത്തിയെടുക്കുകയും ചെയ്യുന്നതിന് പുതിയ നടപടികൾ ഗുണം ചെയ്തേക്കുമെന്നാണ് വിലയിരുത്തൽ.