തിരുവനന്തപുരം: മലയാള സിനിമാ പിന്നണി ഗാനരംഗത്ത് നികത്താനാവാത്ത നഷ്ടമാണ് പി. ജയചന്ദ്രന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മലയാളത്തിന്റെ ഭാവഗായകനെയാണ് നഷ്ടമായത്.
മലയാളഗാനരംഗത്തേക്ക് ഒരു മുല്ലപ്പൂമാലയുമായി എത്തിയ അദ്ദേഹം സംഗീതത്തിന്റെ മഞ്ഞലയിൽ മുങ്ങിത്തോർത്തിയാണ് ആസ്വാദകഹൃദയം കീഴടക്കിയത്. ലോകമാകെയുള്ള മലയാളികളുടെ ദുഖത്തിൽ പങ്കുചേരുന്നതായും കെ.സുരേന്ദ്രൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
രാത്രി 7.53 നാണ് ഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചത്. തൃശൂർ അമല ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളികൾ എവർഗ്രീൻ ഗാനങ്ങളായി ഹൃദയത്തിലേറ്റുന്ന ഒട്ടേറെ ഗാനങ്ങളാണ് പി. ജയചന്ദ്രൻ സമ്മാനിച്ചിട്ടുള്ളത്. ഭാവഗായകൻ എന്ന പ്രയോഗം തന്നെ അന്വർത്ഥമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ആലാപന ശൈലിയും ശബ്ദവും.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ, നടൻ മോഹൻലാൽ എന്നിവരടക്കം രാഷ്‌ട്രീയ, കലാ സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖർ പി. ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചനം നേർന്നു.















