ബറേലി: ഏകീകൃത സിവിൽ കോഡ് ഈ മാസം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ദേവഭൂമിയായ ഉത്തരാഖണ്ഡിന് വേണ്ടി ഏകീകൃത സിവിൽ കോഡ് തയ്യാറായി കഴിഞ്ഞുവെന്നും ജനുവരിയിൽ തന്നെ പ്രാബല്യത്തിൽ വരുമെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ബറേലിയിൽ നടന്ന 29-ാമത് ഉത്തരായണി മേളയിലാണ് ധാമി ഇക്കാര്യം പരാമർശിച്ചത്.
ഇന്ത്യയിലെ പുണ്യനദികളായ ശാരദ, ഗംഗ, സരസ്വതി, കാവേരി എന്നിവയോടാണ് യുസിസിയെ അദ്ദേഹം താരതമ്യം ചെയ്തത്. രാജ്യത്തുടനീളം അവർ വ്യാപിച്ചുകിടക്കുന്നതുപോലെ ഏകീകൃത സിവിൽ കോഡ് ഈ രാജ്യം മുഴുവൻ നടപ്പിലാകുമെന്നും ധാമി പറഞ്ഞു.
ഇന്ത്യയിൽ യുസിസി നിയമം നടപ്പിലാക്കാൻ പോകുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. വ്യക്തിനിയമങ്ങൾ ഒഴിവാക്കി എല്ലാ ജാതിമതസ്ഥർക്കും ഒരേനിയമം എന്നതാണ് യൂണിഫോം സിവിൽ കോഡ്. ഇത് നടപ്പിലാകുന്നതോടെ എല്ലാ വിവാഹങ്ങളും, ലിവ്-ഇൻ റിലേഷൻഷിപ്പുകളും നിയമപരമായി രജിസ്റ്റർ ചെയ്യേണ്ടതായി വരും.
ഉത്തരാഖണ്ഡിൽ നടപ്പിലാക്കാൻ പോകുന്ന പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെക്കുറിച്ചും മുഖ്യമന്ത്രി സൂചിപ്പിച്ചു. ഹരിദ്വാർ, ഋഷികേശ് എന്നിവിടങ്ങളിൽ ഗംഗ ഇടനാഴി സ്ഥാപിക്കാനുള്ള പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.















