മലപ്പുറം; തിരൂർ പുതിയങ്ങാടി പള്ളിയിൽ നേർച്ചയ്ക്കിടെ ഇടഞ്ഞ ആന തൂക്കിയെറിഞ്ഞ ആൾ മരിച്ചു. ഏഴൂർ പൊറ്റച്ചോലപ്പടി കൃഷ്ണൻകുട്ടിയാണ് മരിച്ചത്. 65 വയസായിരുന്നു. ആനയുടെ ആക്രമണത്തിലേറ്റ ഗുരുതര പരുക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലായിരുന്നു പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞത്. കൂട്ടം കൂടി നിൽക്കുകയായിരുന്ന ആളുകൾക്കിടയിലേക്ക് ഇടഞ്ഞ് ഇറങ്ങിയ പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആന തുമ്പിക്കൈ കൊണ്ട് കൃഷ്ണൻ കുട്ടിയെ കാലിൽ തൂക്കിയെടുത്ത് ചുഴറ്റിയെറിയുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ കൃഷ്ണൻകുട്ടി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മരിച്ചത്. കാറ്ററിംഗ് തൊഴിലാളിയായിരുന്നു. സംഭവത്തിൽ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർക്ക് പരുക്കേറ്റിരുന്നു. ഇവരിൽ ആരുടെയും നില ഗുരുതരമല്ല.
ഇടഞ്ഞ ആനയെ ഉടൻ തളച്ചതിനാൽ വൻ ദുരന്തം ഒഴിവാക്കാനായി. ആ സമയത്ത് നൂറുകണക്കിനാളുകൾ കൂട്ടം കൂടി നിൽക്കുകയായിരുന്നു. ആൾക്കൂട്ടവുമായി സുരക്ഷിത അകലം പാലിക്കാതെയാണ് ആനകളെ നിർത്തിയിരുന്നത്. ആന ഇടഞ്ഞതിന് പിന്നാലെ കളക്ടർ ഇടപെട്ട് ആനകളെ വിലക്കിയിരുന്നു.