ന്യൂഡൽഹി: റാഞ്ചിയിൽ നിന്ന് അൽ-ഖ്വയ്ദ ഭീകരനെ പിടികൂടി ഡൽഹി പൊലീസ്. ഒളിവിൽ കഴിയുകയായിരുന്ന ഷഹബാസ് അൻസാരിയെയാണ് ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ പിടികൂടിയത്. ഇയാളുടെ സഹായികളെല്ലാം നേരത്തെ അറസ്റ്റിലായിരുന്നു. ഷഹബാസിന് വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കിയ പൊലീസ് ഒടുവിൽ റാഞ്ചിയിലെ ലൊക്കേഷൻ കണ്ടെത്തിയാണ് യുവാവിനെ പിടികൂടിയത്. ഝാർഖണ്ഡ് തീവ്രവാദ വിരുദ്ധ സേനയുടെ സഹായത്തോടെയാണ് ഷഹബാസിനെ കണ്ടെത്താൻ കഴിഞ്ഞതെന്നും പൊലീസ് അറിയിച്ചു. പ്രതിയെ ഡൽഹിയിലെത്തിക്കും.
2023 ഓഗസ്റ്റിൽ നടന്ന ഓപ്പറേഷന്റെ തുടർ നടപടികളുടെ ഭാഗമായാണ് ഷഹബാസിന്റെ അറസ്റ്റ്. അൽ-ഖ്വയ്ദ ബന്ധമുള്ള എട്ട് പേർ അന്ന് അറസ്റ്റിലായിരുന്നു. ഭീകരസംഘടനയ്‌ക്ക് വേണ്ടി ഝാർഖണ്ഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നവരാണ് പിടിയിലായത്. ജംഷഡ്പൂരിൽ നിന്നുള്ള റേഡിയോളജിസ്റ്റ് ഡോ. ഇഷ്തിയാഖ് അഹമ്മദ്, ഹസാരിബാഗിൽ നിന്ന് മുഹമ്മദ് ഫൈസാൻ, രാജസ്ഥാൻ സ്വദേശികളായ ഇനാമുൽ അൻസാരി, മോതിയൂർ റഹ്മാൻ, അൽതാഫ് അൻസാരി എന്നിവർ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.