തിരുവനന്തപുരം: സ്കൂൾ ബസിനടിയിൽപെട്ട് ഏഴ് വയസുകാരി മരിച്ചു. തിരുവനന്തപുരം മടവൂരിലാണ് സംഭവം. മടവൂർ ഗവൺമെന്റ് എൽപിഎസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ കൃഷ്ണേന്ദുവാണ് മരിച്ചത്. മടവൂർ മഹാദേവക്ഷേത്രത്തിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. സ്കൂൾ ബസ് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്നു കുട്ടി. വീടിന് സമീപത്തുള്ള റോഡിലിറങ്ങിയ കുട്ടി നിലത്തുവീണിരുന്നു. എന്നാൽ കുട്ടി വീണത് അറിയാതെ ഡ്രൈവർ വാഹനം പുറകിലേക്ക് എടുത്തു. ബസിനടിയിൽപ്പെട്ട കുട്ടിയുടെ ശരീരത്തിലൂടെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു.
ഉടൻ തന്നെ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഗുരുതര പരിക്കുകളോടെ ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്. സ്കൂൾ ബസിൽ ആയമാർ ഉണ്ടായിരുന്നോ എന്നതിനെ കുറിച്ചുള്ള വിവരം പുറത്തുവന്നിട്ടില്ല.















