പത്തനംതിട്ട: അറുപതിലേറെ പേർ പീഡനത്തിനിരയാക്കിയെന്ന് വനിത കായിക താരത്തിന്റെ വെളിപ്പെടുത്തലിൽ കേസ്. നിലവിൽ പെൺകുട്ടിക്ക് 18 വയസുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ശുപാർശയിൽ 42 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അഞ്ചുപേർ അറസ്റ്റിലായെന്നും സൂചനയുണ്ട്. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിൽ പത്തനംതിട്ട എസ്പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രണ്ടുവർഷത്തെ പീഡന വിവരങ്ങളാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. 13-ാം വയസുമുതൽ കായിക പരിശീലകരും സഹതാരങ്ങളും ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി.
പത്തനംതിട്ട ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആൺസുഹൃത്ത് പീഡിപ്പിച്ച ശേഷം മറ്റുള്ളവർക്ക് കൈമാറിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. 2019ൽ പെൺകുട്ടിക്ക് 13 വയസുള്ളപ്പോൾ മുതലാണ് ലൈംഗികാതിക്രമം ആരംഭിച്ചത്. മറ്റൊരു പീഡന കേസിൽ ജയിലിൽ കഴിയുന്ന പ്രതിയും പെൺകുട്ടിയെ ദുരുപയോഗം ചെയ്തിട്ടുണ്ട്. ഇത്രയും പേർക്കെതിരെ ആരോപണം ഉയരുന്നത് അപൂർവമാണ്.