ലക്നൗ: മഹാകുംഭമേളയോടനുബന്ധിച്ച് പ്രയാഗ്‌രാജിൽ 4.75 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പന്തലിന്റെ നിർമാണം പൂർത്തിയായി. 35 ദിവസങ്ങളെടുത്താണ് പന്തലിന്റെ നിർമാണം പൂർത്തിയാക്കിയത്. ഗംഗാതീരത്തിന് സമീപത്തായാണ് കൂറ്റൻ പന്തൽ ഒരുക്കിയത്. ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് ഇരിക്കാൻ കഴിയുന്ന വിധത്തിലാണ് പന്തൽ നിർമിച്ചിരിക്കുന്നത്.
നൂറുക്കണക്കിന് ആളുകളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ പന്തലെന്ന് ആർക്കിടെക്ട് മാലിനി ദോഷി പറഞ്ഞു. ഗുജറാത്തിന്റെ വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പന്തൽ നിർമിച്ചിരിക്കുന്നത്. പന്തലിന് ചുറ്റും വൃത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പ്രയാഗ്‌രാജിലെ എല്ലാ ഭാഗത്തും ജലവിതരണം നടപ്പിലാക്കുമെന്നും അവർ പറഞ്ഞു.
മഹാകുംഭമേളയുടെ ഭാഗമായി പ്രയാഗ്‌രാജിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രയാഗ്‌രാജിലെ പ്രധാന ഭാഗങ്ങളിലൊക്കെ മെഡിക്കൽ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി കൂടുതൽ പൊലീസ് സന്നാഹങ്ങളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. വിവിധയിടങ്ങളിലായി 2,700 എഐ കാമറകൾ സ്ഥാപിച്ചു. ഇതുകൂടാതെ നിരവധി ഡ്രോണുകളും ഉപയോഗിക്കും.
കുംഭമേളയുടെ ഒരുക്കങ്ങൾക്ക് നടക്കുന്നതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലയിൽ പ്രത്യേക ഇലക്ട്രിക് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു. പ്രയാഗ്‌രാജിലെത്തുന്ന തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും മികച്ച ഗതാഗതസൗകര്യം ഒരുക്കുമെന്ന് ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം യോഗി ആദിത്യനാഥ് പറഞ്ഞു. മഹാകുംഭമേളയുടെ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി പ്രയാഗ്‌രാജ് സന്ദർശിക്കുകയും ചെയ്തിരുന്നു.