തിരുവനന്തപുരം: സിപിഐ നേമം മണ്ഡലം കമ്മിറ്റിയംഗത്തിനെതിരെ പോക്സോ കേസ്. പ്ലസ് ടു വിദ്യാർത്ഥിനിയുടെ പരാതിയിൽ വിഴിഞ്ഞം പൊലീസാണ് കേസെടുത്തിരിക്കുന്നത്. സിപിഐ പ്രവർത്തകൻ വിഷ്ണു ബാബുവിനെതിരെയാണ് കേസ്.
അമ്മയുടെ സുഹൃത്താണ് വിഷ്ണുവെന്നും ഇയാൾ മോശമായി സ്പർശിച്ചുവെന്നുമാണ് പെൺകുട്ടിയുടെ മൊഴി. വിഴിഞ്ഞം മുല്ലൂരിലെ വീട്ടിൽ വച്ചാണ് ലൈംഗികാതിക്രമം നടന്നതെന്നും പരാതിയിലുണ്ട്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിഷ്ണു ഒളിവിൽ പോയി.
കേസിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും സാക്ഷികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പരാതിയിൽ വിശദമായ അന്വേഷണം നടത്തി വ്യക്തത വരുത്താനുണ്ടെന്നും വിഴിഞ്ഞം പൊലീസ് അറിയിച്ചു.
അമ്പലത്തറ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് വിഷ്ണുവെന്നാണ് വിവരം. പരാതിക്കാരിയായ പെൺകുട്ടിയുടെ കുടുംബവുമായി വളരെ അടുപ്പത്തിലായിരുന്നു. ഈ അടുപ്പം മുതലെടുത്താണ് അതിക്രമം നടത്തിയതെന്നാണ് ആരോപണം.















