തിരുവനന്തപുരം: ബിജെപി നേതാവ് പി.സി ജോർജിനെതിരെ ചാനൽ ചർച്ചയിൽ സംഭവിച്ച നാക്ക് പിഴവിന്റെ പേരിൽ കേസെടുത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ ബിജെപി സംസ്ഥാന നേതൃത്വം രംഗത്ത്. മതമൗലികവാദികളുടെ ഭീഷണിക്ക് വഴങ്ങിയാണ് സർക്കാർ കേസെടുത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
പിസി ജോർജിനെ മതമൗലികവാദികൾ വേട്ടയാടുകയാണ്. കേസെടുത്തത് അംഗീകരിക്കാനാവില്ല. ഇതിനെ ബിജെപി നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ടി.ജെ. ജോസഫ് മാഷിനെതിരെ വി.എസ്. സർക്കാർ കേസെടുത്തതിന് സമാനമാണ് ഇപ്പോൾ പി.സി. ജോർജിനെതിരെ പിണറായി സർക്കാർ കേസെടുത്തത്. ഇതിന്റെ ധൈര്യത്തിലായിരുന്നു തീവ്രവാദികൾ ജോസഫ് മാഷിന്റെ കൈവെട്ടിയതെന്നും കെ. സുരേന്ദ്രൻ ഓർമ്മിപ്പിച്ചു.
പി.സി. ക്കെതിരെയും ഇത്തരത്തിലാണ് മതമൗലികവാദികൾ കൊലവിളി മുഴക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ചാനൽ ചർച്ചയിൽ സംഭവിച്ച നാക്ക് പിഴവിന് അദ്ദേഹം ഫേസ്ബുക്കിലൂടെ മാപ്പ് പറഞ്ഞിട്ടും വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ജനം ടിവിയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് നടത്തിയ പരാമർശത്തിന് വർഗീയ നിറം നൽകിയാണ് പി.സി ജോർജിനെതിരെ സർക്കാരും മതമൗലിക വാദികളും പ്രതികാര നീക്കം നടത്തുന്നത്. ഈരാറ്റുപേട്ടയിലെ യൂത്ത് ലീഗ് ഘടകം നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. രാജ്യവിരുദ്ധ തീവ്ര ചിന്താഗതിയുള്ളവരെയാണ് താൻ ഉദ്ദേശിച്ചതെന്നും ചർച്ചയിലെ തന്റെ മറുപടി നിരുപാധികം പിൻവലിക്കുന്നുവെന്നും പി.സി ജോർജ് സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്.
നേരത്തെ അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിൽ നടത്തിയ പരാമർശത്തിന്റെ പേരിലും പി.സി ജോർജിനെതിരെ പിണറായി സർക്കാർ കേസെടുക്കുകയും രാത്രിയിൽ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.















